പാലോട്: മലയോര മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്ത പ്രതികൾ പാലോട് പൊലീസിന്റെ പിടിയിലായി. മലപ്പുറത്ത് നിന്നെത്തി തെന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന അംജദ്, പ്രവീണ എന്നിവരെയാണ് പാലോട് സ്റ്രേഷൻഹൗസ് ഓഫീസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

ഞാറനീലി, തെന്നൂർ, പെരിങ്ങമ്മല എന്നിവിടങ്ങളിൽ കള്ളനോട്ട് വ്യാപകമായതിനെ തുടർന്ന് കുറച്ചുകാലമായി പാലോട് പൊലീസ് ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് തെന്നൂരിൽ മൊബൈൽ കട നടത്തുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വടകര സ്റ്റേഷനിൽ 2000 രൂപയുടെ കള്ളനോട്ട് കൈമാറിയ കേസിൽ പ്രതിയായ യുവാവ് പൂന്തുറയിലും കട നടത്തിയിരുന്നു. ഇയാളിൽ നിന്ന് കംപ്യൂട്ടർ, പ്രിന്റർ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.