ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: സുഹൃത്തിനൊപ്പം വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം രവീന്ദ്ര ഭവനിൽ ബിപിൻ ചന്ദ്രറോയിയുടെയും ജൂലി റോയിയുടെയും മകനും പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ പ്രൊഡക്ഷൻ അവസാനവർഷ വിദ്യാർത്ഥിയുമായ പ്രണവ് ബി. റോയ് ആണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുനലൂർ സ്വദേശി ശിവപ്രസാദിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് വെള്ളായണി മുകളൂർമൂല ഭാഗത്താണ് അപകടമുണ്ടായത്.
പതിനൊന്ന് പേരടങ്ങടുന്ന സംഘമാണ് ബൈക്കിലും കാറിലുമായി കായലിന്റെ കരയിലെത്തിയത്. ഇതിൽ പ്രണവും ശിവപ്രസാദും അരകിലോമീറ്ററോളം വരുന്ന ചതുപ്പിലൂടെ നടന്ന് കായലിൽ ഇറങ്ങുകയായിരുന്നു. അടി തെറ്റിയതോടെ ഇരുവരും രണ്ട് വശത്തേക്ക് നീന്തി. ശിവപ്രസാദ് ചതുപ്പിലെ വള്ളിയിൽ പിടിച്ചുകിടന്നു. നാലാൾപൊക്കം ആഴമുള്ള ഭാഗത്തേക്ക് താണ പ്രണവിനെ കാണാതായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്കൽചൂളയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രാജശേഖരൻ നായർ, വി.ആർ. അരുൺകുമാർ, ഡി.എസ്. അരുൺ, രാമമൂർത്തി, ബിജുകുമാർ എന്നിവരാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നേമം പൊലീസ് കേസെടുത്തു.