തിരുവനന്തപുരം: മദ്യലഹരിയിൽ കോർപ്പറേഷൻ ജീവനക്കാർ തമ്മിലുള്ള കലഹത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. രാജാജി നഗർ മാർക്കറ്റിന് സമീപമുണ്ടായ സംഭവത്തിൽ കോർപ്പറേഷൻ മെയിൻ ഓഫീസിലെ എൻജിനിയറിംഗ് വിഭാഗം ഓഫീസ് അറ്റൻഡറായ കരമന കോർട്ടേഴ്‌സിൽ താമസിക്കുന്ന ഷിബു രഞ്ചനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോർപ്പറേഷന്റെ പാളയം ഹെൽത്ത് സർക്കിൾ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ രാജാജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ചിത്ത്കുമാർ (46) കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായി. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പൂജപ്പുരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കൂടിയായ ഇരുവരും പ്രദേശത്ത് പലപ്പോഴും മദ്യപിച്ച് കലഹിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയും സമാനമായ സാഹചര്യത്തിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴുത്തിന് ഗുരുതമായി പരിക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ പ്രിയങ്ക. മകൻ കണ്ണൻ.