general

ബാലരാമപുരം: സുഹൃത്തിനൊപ്പം ഈരാറ്റുപുറം ആറ്റിൽ കുളിക്കാനെത്തിയ യുവാവ് പാറക്കെട്ടിൽ കാൽവഴുതി കയത്തിൽവീണ് മരിച്ചു. ഭഗവതിനട സരള ഭവനിൽ പരേതനായ ബാബുവിന്റെയും സരളയുടെയും മകൻ അമൽ എസ്. ബാബുവാണ് (22)​ മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സുഹൃത്തായ ശരത്തുമൊത്താണ് അമൽ ഈരാറ്റുപുറത്തെത്തിയത്. പാറക്കെട്ടിലൂടെ നടക്കുന്നതിനിടെ കാൽവഴുതി കയത്തിൽ വീഴുകയായിരുന്നു. ശരത്ത് അമലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മഴപെയ്തതിനാൽ ആറ്റിൽ ഒഴുക്കും ശക്തമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് അമലിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബാ ടീമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെമ്പഴന്തി എസ്.എൻ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പി.എസ്.സി പരിശീലനം നടത്തിവരികയായിരുന്നു അമൽ. അഖിൽ എസ്. ബാബു, നിഖിൽ എസ്. ബാബു എന്നിവർ സഹോദരങ്ങളാണ്.

യാത്രയായത് ആർമിയിൽ ചേരണമെന്ന ആഗ്രഹം ബാക്കിയാക്കി

നിനച്ചിരിക്കാതെയുള്ള അമലിന്റെ വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. അപകടം നടന്ന് ഏറെ വൈകിയാണ് മരണവാർത്ത ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. ആർമിയിൽ ചേരണമെന്നായിരുന്നു അമലിന്റെ ആഗ്രഹം. ഇതിനായി കായിക പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു. സൈക്കിൾ സവാരിയും ശീലമാക്കി. കോളേജിലെ മികച്ച വോളിബാൾ താരം കൂടിയായിരുന്ന അമൽ നാട്ടിലും വോളിബാൾ മത്സരങ്ങളിൽ സജീവമായിരുന്നു. നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ തെങ്ങുവിള യൂണിറ്റിൽ ചേർന്നതോടെ ജീവകാരുണ്യപ്രവർത്തനത്തിലും പങ്കാളിയായി. കൊവിഡ് മഹാമാരിയിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക് സഹായമെത്തിക്കാനും മുന്നിട്ടിറങ്ങിയിരുന്നു. മെഡിക്കൽ കോളേജിൽ അശരണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പൊതിച്ചോർ വിതരണത്തിലും നിറസാന്നിദ്ധ്യമായിരുന്നു. പിതാവിന്റെ മരണത്തോടെ അമലിന്റെ അമ്മ സരള നെയ്‌ത്ത് തൊഴിൽ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇവരുടെ പ്രതീക്ഷയാണ് അകാലത്തിൽ പൊലിഞ്ഞത്.