വെമ്പായം: പഴവർഗങ്ങളിൽ മാരക കീടനാശിനി തളിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പഴം-പച്ചക്കറി വിൽപ്പന നടത്തുന്ന കടയ്ക്ക് പൂട്ടുവീണു. കന്യാകുളങ്ങര-പോത്തൻകോട് റോഡിൽ പ്രവർത്തിക്കുന്ന കെ.എം സ്റ്റോഴ്സ് എന്ന കടയാണ് അധികൃതർ പൂട്ടിച്ചത്. ചൊവ്വാഴ്ച രാത്രി കടയടയ്ക്കുന്ന നേരത്ത് പച്ചക്കറികളിലും പഴവർഗങ്ങളിലും മാരക കീടനാശിനിയായ ഹിറ്റ് സ്‌പ്രേ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പഞ്ചായത്ത് അധികൃതർ, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
കടയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച അധികൃതർ ഇത് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കടയുടമയ്ക്ക് നോട്ടീസ് നൽകുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത പഴം-പച്ചക്കറികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്തലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ കുഴിച്ചുമൂടി. ഇതിന്റെ ചെലവ് കടയുടമയിൽ നിന്ന് ഈടാക്കും. നെടുമങ്ങാട് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അർഷിദ, അരുവിക്കര ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.