വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി, തുരുത്തി, പുളിച്ചാമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനപ്പെട്ടി - പുളിച്ചാമല റോഡിന് ഒടുവിൽ ശാപമോക്ഷമായി. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ജില്ലാപഞ്ചായത്ത് പാലോട് ഡിവിഷൻ മെമ്പർ സോഫി തോമസ് 20 ലക്ഷം രൂപ അനുവദിച്ചു.
ആനപ്പെട്ടിയിൽ നിന്ന് പുളിച്ചാമലയിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. കുഴി നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവായിരുന്നു. അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഴ പെയ്താൽ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ആനപ്പെട്ടി പുളിച്ചാമല റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും അരങ്ങേറിയിരുന്നു. ഇടയ്ക്ക് റോഡ് ടാറിംഗിനായി ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. തിരഞ്ഞെടുപ്പ് വേളയിൽ വോട്ട് തേടി എത്തുന്ന രാഷ്ട്രീയക്കാർക്ക് മുന്നിൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിൽ അപകടങ്ങൾ തുടർക്കഥയായപ്പോൾ കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ സോഫി തോമസ് റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങുമെന്നും സോഫി തോമസ് അറിയിച്ചു.
പരപ്പാറ - പുളിച്ചാമല റോഡിന് 10 ലക്ഷം
തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല - പരപ്പാറ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിച്ചാമല - പരപ്പാറ റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനായി 10 ലക്ഷം രൂപയും, പ്ലാന്തോട്ടം ലക്ഷംവീട് റോഡിന്റെ സൈഡ് വാൾ നിർമ്മാണത്തിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സോഫി തോമസ് അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
നന്ദി രേഖപ്പെടുത്തി
ആനപ്പെട്ടി-പുളിച്ചാമല-പരപ്പാറ റോഡുകളിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തുന്നതിനായി 40 ലക്ഷംരൂപ അനുവദിച്ച ജില്ലാപഞ്ചായത്ത് മെമ്പർ സോഫി തോമസിന് കോൺഗ്രസ് തൊളിക്കോട്,പനയ്ക്കോട് മണ്ഡലം കമ്മിറ്റികളും,കോൺഗ്രസ് പുളിച്ചാമല വാർഡ് കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.