ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം ആരോഗ്യം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. ബുദ്ധിമാന്ദ്യം അഥവാ intellectual disability ചില വ്യക്തികളിൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗണ്യമായ പരിമിതികളുള്ള അവസ്ഥയാണ്. ഇത് 18 വയസിന് മുൻപുതന്നെ പ്രകടമാകാറുണ്ട്. ശാസ്ത്രീയ പരിശോധനയിൽ ഇവരുടെ ബുദ്ധിനിലവാരം ശരാശരിയിലും താഴെയായിരിക്കും. ഐക്യു നിലവാരം 70നും 75നും ഇടയിലോ 70ന് താഴെയോ ആയിരിക്കും. ബുദ്ധിനിലവാരം, ആശയവിനിമയം, ആരോഗ്യസുരക്ഷ, എഴുതാനും വായിക്കാനുമുള്ള കഴിവ്, സ്വയരക്ഷ, ഒഴിവ് സമയം ഉപയോഗിക്കാനുള്ള കഴിവ്, ഭക്ഷണം കഴിക്കൽ, വസ്ത്രധാരണം, വീട്ടിലെ ചെറിയ ജോലികൾ ചെയ്യൽ ഇവയിലെല്ലാം പരിമിതികളുണ്ടാവും.
കാരണങ്ങൾ
ജനിതക പ്രശ്നങ്ങളായ ഡൗൺ സിൻഡ്രോം, ഫ്രജയൽ സിൻഡ്രോം, ഫിനൈൽ കിറ്റോൺ യൂറിയ ഇവയൊക്കെ ബുദ്ധിമാന്ദ്യത്തിലേക്ക് നയിക്കും.
ഗർഭാവസ്ഥയിൽ അമിത ആൽക്കഹോൾ ഉപയോഗം, റൂബെല്ല പോലുള്ള അണുബാധ, പോഷകാഹാരക്കുറവ്, മാസംതികയാത്ത പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ്, ബുദ്ധിമുട്ടേറിയ പ്രസവം, തലച്ചോറിലേക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാതിരിക്കുക, തലച്ചോറിലെ ക്ഷതം, അണുബാധ, മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ് പോലുള്ള രോഗങ്ങൾ, തലച്ചോറിൽ ഗ്ളൂക്കോസിന്റെ അളവ് കുറവ് ഇവയൊക്കെ കാരണങ്ങളാണ്.
എങ്ങനെ കണ്ടുപിടിക്കാം
ഓരോ പ്രായത്തിലും കുട്ടി ചെയ്യേണ്ട കാര്യങ്ങൾ അമ്മ അറിഞ്ഞെങ്കിൽ മാത്രമേ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാനും വിദഗ്ദ്ധോപദേശം തേടാനും തെറാപ്പി നൽകാനും സാധിക്കൂ.
1. മുഖത്ത് നോക്കിയുള്ള ചിരി - 1 - 2 മാസം
2. കഴുത്ത് നിവർത്തി പിടിക്കുക - 1-4 മാസം
3. ശബ്ദം കേട്ട ഭാഗത്തേക്ക് കഴുത്ത് തിരിക്കുക - 2- 6 മാസം
4. ഒരു കൈയിൽ നിന്നും മറ്റേ കൈയിലേക്ക് കളിപ്പാട്ടം മാറ്റുക - 4-7 മാസം
5. സഹായമില്ലാതെ ഇരിക്കുക - 6- 8 മാസം
6. ചെറിയ സാധനങ്ങൾ പെറുക്കിയെടുക്കുക - 7-11 മാസം
7. സഹായമില്ലാതെ നില്ക്കുക - 10-12 മാസം
8. തപ്പ് കൊട്ടുക - 7- 13 മാസം
9. നടക്കുക - 10 - 16 മാസം
10. ഒന്നോ രണ്ടോ വാക്ക് സംസാരിക്കുക - 11-19 മാസം
11. ശരീരഭാഗങ്ങൾ ചൂണ്ടിക്കാണിക്കുക - 16- 24 മാസം
12. ആവശ്യങ്ങൾക്കായി വാക്കുകൾ ഉപയോഗിക്കുക - 24-27 മാസം
13. സ്വന്തം പേര് പറയുക / ആൺ-പെൺ വ്യത്യാസം തിരിച്ചറിയുക - 30- 33 മാസം
ഈ കാര്യങ്ങളിൽ കാലതാമസം വന്നിട്ടുണ്ടെങ്കിൽ വിദഗ്ദ്ധ പരിശോധന അത്യാവശ്യമാണ്.
അമ്മമാർ ചെയ്യേണ്ടത്
ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. അല്പം ആയാസമുള്ള കാര്യങ്ങൾ ഘട്ടംഘട്ടമായി ചെയ്യിക്കുക. ഓരോ തവണയും എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയോടെ പറഞ്ഞുകൊടുക്കുക . പിന്തുണ ആവശ്യമുള്ളപ്പോൾ സ്നേഹപൂർവം സഹായിക്കുക.
എണ്ണാനും നിറങ്ങൾ തിരിച്ചറിയാനും വിപരീതപദങ്ങളും പഠിപ്പിക്കുക.
പച്ചക്കറികൾ, പഴങ്ങൾ, ശരീരഭാഗങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, പൊതുവസ്തുക്കൾ എന്നിവയുടെ പേരുകൾ തുടങ്ങിയവ പരിശീലിപ്പിക്കാം. കുടുംബാംഗങ്ങളുടെ പേര് / അവരെ തിരിച്ചറിയാൻ ചിത്രങ്ങൾ വച്ച് പരിശീലിപ്പിക്കാം.
മുകളിൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഗ്രാഹ്യമുണ്ടെങ്കിൽ കുട്ടിയ്ക്ക് ചിത്രങ്ങൾ വച്ച് ചെറുകഥകളും ചിത്രവിവരണവും പറഞ്ഞുകൊടുക്കാം. പിന്നീട് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുക.
മുത്ത്, കപ്പ്, കല്ല്, മിഠായി എന്നിവ ഉപയോഗിച്ച് 10 വരെ എണ്ണാൻ പഠിപ്പിക്കാം. ദിവസങ്ങൾ പറയാൻ പഠിപ്പിക്കുക.
ഉച്ചാരണ ശാസ്ത്രം / Phonetic sounds പഠിപ്പിക്കുക. ഇതാണ് കുട്ടിയുടെ എഴുതാനും വായിക്കാനുമുള്ള കഴിവിന്റെ അടിസ്ഥാനം. ഓരോ കുട്ടിയുടെയും ഐക്യു (IQ) നിലവാരം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി ചെയ്യാൻ പ്രചോദനം നല്കുക.
ബുദ്ധിവികാസത്തെ തരംതിരിക്കാം
ബൗദ്ധിക നിലവാരം - ഐക്യു ശതമാനം
Mild - 5 to 69
Moderate - 35 to 49
Severe - 20 to 34
Profound - Below 20
ഓരോ കുട്ടിയുടെയും ഐക്യു ശതമാനം മാറുന്നതിനനുസരിച്ച് ചെയ്യാൻ കഴിയുന്ന പ്രവൃത്തി വ്യത്യാസപ്പെടും.
മറ്റു പ്രശ്നങ്ങൾ
40 ശതമാനം കുട്ടികൾക്കും അപസ്മാരം കാണപ്പെടുന്നു. ചിലരിൽ ശ്രവണ വൈകല്യവും കാഴ്ചവൈകല്യവും കാണാറുണ്ട്. ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം കേൾക്കുക, അസ്വസ്ഥമായ ഉറക്കം, മറ്റുള്ളവർക്ക് കാണാൻ പറ്റാത്തത് കാണുക, എന്നിങ്ങനെയുള്ള മാനസിക ബുദ്ധിമുട്ടുകൾ കണ്ടുവരുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങളുള്ള 17 ശതമാനം കുട്ടികൾക്കും അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ട് അഥവാ ADHD എന്ന അവസ്ഥയോ, 20 - 30 ശതമാനം കുട്ടികൾക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡറോ കാണുന്നതായി പഠനങ്ങൾ പറയുന്നു.
പ്രൊഫഷണലുകളുടെ പങ്ക്
ഓരോ പ്രശ്നങ്ങളും നേരിടാൻ വ്യത്യസ്ത പ്രൊഫഷണലുകളുടെ സേവനം വളരെ അത്യാവശ്യമാണ്.
ആരോഗ്യ പ്രവർത്തകർ
ന്യൂറോളജിസ്റ്റ്
ഇ.എൻ.ടി ഡോക്ടർ
അസ്ഥിരോഗ വിദഗ്ദ്ധർ
ശിശുരോഗ വിദഗ്ദ്ധർ
തെറാപ്പിസ്റ്റുകൾ
1. ഡവലപ്മെന്റൽ തെറാപ്പിസ്റ്റ്
2. സ്പീച്ച് തെറാപ്പിസ്റ്റ്
3. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്
4. ഫിസിയോ തെറാപ്പിസ്റ്റ്
സ്പെഷ്യൽ എഡ്യൂക്കേറ്റർ
ബുദ്ധിവൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കാൻ സ്പെഷ്യൽ എഡ്യൂക്കേറ്ററിന്റെ സേവനം തേടേണ്ടതാണ്. കുട്ടിയ്ക്ക് സ്കൂളിൽ പോകാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ വീട്ടിൽത്തന്നെ പരിശീലനം നൽകുന്നു. ഇവരിൽനിന്ന് മാതാപിതാക്കൾക്കും പരിശീലനം നേടാം. അതിനുശേഷം വീട്ടിൽവച്ച് കുട്ടിയെ പഠിപ്പിക്കാം. എല്ലാ സ്കൂളിലും ഒരു സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറിന്റെ സേവനം ഉറപ്പാക്കണം.
കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്
ഇങ്ങനെയുള്ള കുട്ടികളുടെ കുടുംബത്തെയും പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി ഇവരാണ്. സംസ്ഥാന- കേന്ദ്ര സർക്കാരിൽ നിന്നും കുടുംബത്തിന് കിട്ടുന്ന ആനുകൂല്യങ്ങളെപ്പറ്റി മാതാപിതാക്കൾക്ക് അവബോധം കൊടുക്കുന്നതും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരാണ്.
(ലേഖിക തിരുവനന്തപുരം ഐക്കോൺസിൽ ലക്ചററാണ് )