ഇതേ കാർ അപകടമുണ്ടാക്കുന്നത് രണ്ടാം തവണ
പൊലീസ് പ്രതിയെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം
മലയിൻകീഴ്: മദ്യലഹരിയിൽ യുവാവ് ഓടിച്ചിരുന്ന മഹീന്ദ്ര സ്കോർപ്പിയോ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മണപ്പുറം ഉപാസനയിൽ ശ്രീക്കുട്ടനെയാണ് (45) തലയ്ക്കും തോളെല്ലിനും കാലിനും പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലോട്ടുവിള റേഷൻ കടയ്ക്ക് സമീപത്താണ് അപകടം. ഇത് രണ്ടാം തവണയാണ് ഇതേ സ്കോർപ്പിയോ ഇത്തരത്തിൽ അപകടം സൃഷ്ടിക്കുന്നത്. കാട്ടാക്കട വേലായുധ ഭവനിൽ ആർ. ശബരിഷാണ് (30) കാർ ഓടിച്ചിരുന്നത്.
തച്ചോട്ടുകാവിൽ നിന്ന് മലയിൻകീഴിലേക്ക് പോകുകയായിരുന്ന സ്കോർപ്പിയോ എതിരേ വന്ന ടൊയോട്ട ഫോർച്യൂണർ കാറിലും പിന്നാലെയെത്തിയ ബൈക്കിലും ഇടിക്കുകയായിരുന്നു. ആഗസ്റ്റ് 30നും മദ്യപിച്ച് വാഹനമോടിച്ച ശബരീഷിന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തച്ചോട്ടുകാവ് - മഞ്ചാടി റോഡിലായിരുന്നു അന്ന് അപകടമുണ്ടായത്. കാൽനടയാത്രികനായ വൃദ്ധനും ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ഇവർ ഇപ്പോഴും ചികിത്സയിലാണ്. മറ്റൊരു കാറിലും ഇടിച്ച വാഹനത്തിന്റെ ടയർ ഇളകിമാറിയിട്ടും ഇതുമായി രക്ഷപ്പെടാനാണ് അന്ന് വാഹനത്തിലുള്ളവർ ശ്രമിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലയിൻകീഴ് പൊലീസ് വഴിയരികിൽ ഉപേക്ഷിച്ചിരുന്ന കാറും പിന്നാലെ ഡ്രൈവറായ ശബരീഷിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളിൽ നിന്ന് ഇടപെടലുണ്ടായതിനെ തുടർന്ന് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുക്കാത്ത പൊലീസ് വെറുമൊരു വാഹനാപകടം എന്നരീതിയിലാണ് ഈ കേസിനെ പരിഗണിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസവും അപകടം നടന്ന് ഏറെ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ശബരീഷിനെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസ് തയ്യാറായില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അപകടം നടന്ന സ്ഥലത്തുനിന്ന് വാഹനം മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.