കാട്ടാക്കട: കൊല്ലംകോണം - കുച്ചപ്പുറം ബൈ റോഡിൽ ഇപ്പോൾ അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. കാട്ടാക്കട പഞ്ചായത്തിലെ കൊല്ലംകോണം ഭാഗത്തുനിന്നും തുടങ്ങി തൃക്കാഞ്ഞിരപുരത്താണ് റോഡ് അവസാനിക്കുന്നത്. ആമച്ചൽ ഏലയുടെ കുറുകെ പോകുന്ന ഈ റോഡിലൂടെ നിരവധിപേരാണ് ദിവസവും യാത്ര ചെയ്യുന്നത്.
ഈ റോഡിന്റെ വശങ്ങളിലുള്ള സ്വകാര്യ വ്യക്തികൾ റോഡ് കയ്യേറി പുല്ല് നട്ടിരിക്കുന്നതിനാൽ ഈ കൊടുംവളവിൽ വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് പലതവണ അപകടങ്ങൾക്ക് കാരണമാവുകയും നിരവധി പേർക്ക് പരിക്കുക്കേൽക്കുകയും ചെയ്തു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിരമായി കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഇടപെട്ട് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ പറയുന്നു.