തിരുവനന്തപുരം: റിസർവേഷനില്ലാതെ ജനറൽ കൊച്ചുകളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സീസൺ ടിക്കറ്റ് പ്രശ്‌നം റെയിൽവേ ബോർഡുമായി ചർച്ച ചെയ്യും. കൊവിഡ് കാലത്ത് പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഒഴിവാക്കാനാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതിൽ മാറ്റമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
എല്ലായിടത്തും ഒരേ നിലവാരത്തിലുള്ള കോച്ചുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്നും റെയിൽവേ ഉറപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിലെ ബോഗികളിൽ സ്ഥല സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും
നിലവിലുള്ള പാതകളിലൂടെ കൂടുതൽ വേഗത്തിൽ പുതിയ ട്രെയിനുകൾ അനുവദിക്കാനാവില്ലെന്നും പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതിനുശേഷം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും റെയിൽവേ ഉറപ്പു നൽകിയിട്ടുണ്ട്.
സിഗ്‌നലുകൾ മാറ്റി സ്ഥാപിക്കുന്നതിന് കാലതാമസമെടുക്കും. ജനശതാബ്ദി ഉൾപ്പടെയുള്ള അതിവേഗ ട്രെയിനുകളുടെ സ്റ്റോപ്പ് പരിധി 60 കിലോമീറ്ററിൽ താഴെയാവരുതെന്ന് റെയിൽവേ നിഷ്‌കർഷിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാനാവില്ല. ശബരി റെയിൽപ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകിയശേഷം സ്ഥലമെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്യും. രണ്ടാം ഘട്ടത്തിൽ പുനലൂർ വരെ പാത നീട്ടുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
29 ആംബുലൻസുകൾ നൽകി
തിരുവനന്തപുരം: കേന്ദ്രസർക്കാർ 29 വെറ്ററിനറി ആംബുലൻസുകൾ നൽകിയതായി മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. മൂന്ന് ലക്ഷം പശുക്കളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്രമന്ത്രിമാരെയടക്കം പങ്കെടുപ്പിച്ചുള്ള ഇതിന്റെ ഉദ്ഘാടനം ഉടൻ നടത്തും. മലബാറിലെ പാൽപ്പൊടി ഫാക്ടറി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. കാലിത്തീറ്റയുടെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കും.
സിൽവർ ലൈൻ: സ്ഥലമെടുപ്പ്
വേഗത്തിലാക്കും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സ്ഥലമേറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്ക് ഒരു കോട്ടവും ഉണ്ടാകില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് നടപടി ക്രമങ്ങൾ പൂർത്തിയായാൽ പുറത്തു വിടും. മലബാർ മേഖലയിൽ 100 മീറ്റർ വീതിയിൽവരെ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക പടർത്താനാണ്. 20 മീറ്റർ വരെ മാത്രമാണ് ഭൂമി ഏറ്റെടുക്കുക.