kas

105 പേർക്ക് നവംബർ ഒന്നിന് നിയമന ശുപാർശ

തിരുവനന്തപുരം : അഖിലേന്ത്യാ സിവിൽ സർവീസിന് സമാനമായി സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിന്റെ (കെ.എ.എസ്) ആദ്യ റാങ്ക് പട്ടികയിൽ പെൺ തിളക്കം. ഒന്നാം സ്ട്രീമിൽ (പൊതുവിഭാഗം) ആദ്യ മൂന്നു റാങ്കും വനിതകൾ നേടി.

ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര കൈത വടക്ക് പ്രതിഭയിൽ എസ്.മാലിനിക്കാണ് ഒന്നാം റാങ്ക്.അഡ്വ.കൃഷ്ണകുമാറിന്റെയും ശ്രീലതയുടെയും മകളായ മാലിനി സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക് ജേതാവ് കൂടിയാണ്. തിരുവനന്തപുരം സ്വദേശിനി നന്ദന.എസ്.പിള്ള രണ്ടാം റാങ്ക് നേടി. തമലം ശിവാഞ്ജലിയിൽ റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥൻ എസ്.മുരുകന്റെയും സ്റ്റേഷറി വകുപ്പിൽ നിന്ന് കൺട്രോളർ ഓഫ് സ്റ്റേഷനറിയായി വിരമിച്ച ശശികലയുടെയും മകളാണ്

കോട്ടയത്തെ ഗോപിക ഉദയൻ മൂന്നാം റാങ്കും നേടി.

രണ്ടാമത്തെ സ്ട്രീമിൽ (സർവീസ് കാറ്റഗറി) തലശ്ശേരി തൃച്ചംബരത്ത് കരിഗഡ വീട്ടിൽ കെ.ജെ.ചാക്കോയുടെയും സെലിൻ തോമസിന്റെയും മകൾ അഖില ചാക്കോയ്ക്കാണ് ഒന്നാം റാങ്ക്. . തിരുവനന്തപുരം കരകുളം കൃഷ്‌ണാഞ്ജലിയിൽ റിട്ട.കെ.എസ്.ഇ.ബി സീനിയർ‌ സൂപ്രണ്ട് കൃഷ്‌ണൻ നായരുടെയും, ഗീതാ കുമാരിയുടെയും മകൻ ജയകൃഷ്ണൻ.കെ.ജി രണ്ടാം റാങ്കും, പാർവതി ചന്ദ്രൻ. എൽ മൂന്നാം റാങ്കും നേടി.

മൂന്നാമത്തെ സ്ട്രീമിൽ (ഗസറ്റ്ഡ് ജീവനക്കാരുടെ വിഭാഗം) കൊല്ലം പട്ടാഴി അമ്പാട്ട് വീട്ടിൽ വാസുദേവൻ പിള്ള- ലളിതമ്മ.സി ദമ്പതികളുടെ മകൻ വി.അനൂപ് കുമാറിനാണ് ഒന്നാം റാങ്ക്, മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പരേതനായ കുമാരൻ-വിജയലക്ഷ്മി ദമ്പതികളുടെ മകൻ അജീഷ്.കെ രണ്ടാം റാങ്കും, തിരുവനന്തപുരം സ്വദേശി പ്രമോദ് ജി.വി മൂന്നാം റാങ്കും നേടി. .

മൂന്ന് സ്ട്രീമുകളിലായി 35ഒഴിവുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ 105 പേർക്ക് നവംബർ ഒന്നിന് നിയമന ശുപാർശ നൽകുമെന്നും,ഐ.എം.ജിയിലെ 18മാസത്തെ പരിശീലനത്തിന് ശേഷമാകും നിയമനമെന്നും പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.