photo

സ്‌കൂളിലെ ഉച്ചഭക്ഷണം പദ്ധതി ആദ്യമായി തുടങ്ങിയത് തമിഴ്‌നാട്ടിലാണ്. 1982ൽ എം.ജി.ആർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്. അതിനുമുമ്പും ചില സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകിയിരുന്നു. വിദ്യാഭ്യാസവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനമൊട്ടാകെ പദ്ധതിയായി തുടങ്ങാൻ എം.ജി.ആറിനെ പ്രേരിപ്പിച്ചത് സ്‌കൂളിൽ പഠനകാലത്ത് താനനുഭവിച്ച പട്ടിണിയായിരുന്നു.

സഹപാഠികൾ ഉച്ചയ്ക്ക് ആഹാരം കഴിക്കുമ്പോൾ പച്ചവെള്ളം കുടിച്ച് വിശപ്പടക്കാൻ ശ്രമിച്ച സ്‌കൂൾകാലമായിരുന്നു അദ്ദേഹത്തിന്റേത്. ഉച്ചഭക്ഷണം ഏർപ്പെടുത്തിയാൽ ഒട്ടേറെ കുട്ടികളുടെ വിശപ്പ് മാറും. ഭക്ഷണം കഴിക്കാൻ വേണ്ടിയെങ്കിലും അവർ പഠിക്കാൻ വരും. എം.ജി.ആർ പദ്ധതിയുടെ ആശയം മുന്നോട്ടുവച്ചപ്പോൾ ധനകാര്യവകുപ്പ് ശക്തമായി എതിർത്തു. സർക്കാർ ഖജനാവിന് ഭീമമായ ബാദ്ധ്യത വരുന്നതിനാൽ ഉപേക്ഷിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ലോകത്തിലെ എല്ലാ ധനകാര്യ വകുപ്പുകളും അണപൈസ നിലവാരത്തിലേ ചിന്തിക്കൂ. മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി ഒരിക്കലും അവർക്ക് മനസിലാകില്ല. എന്നാൽ പുരട്‌ച്ചി തലൈവരുടെ സുദൃഢമായ തീരുമാനം കുട്ടികൾക്ക് അന്നം നൽകണമെന്നു തന്നെയായിരുന്നു. അതിനു മുമ്പിൽ എല്ലാ എതിർപ്പുകളും കെട്ടടങ്ങി. തമിഴ്‌നാട്ടിൽ ആരംഭിച്ച ഉച്ചഭക്ഷണ പരിപാടി മറ്റെല്ലാ സംസ്ഥാനങ്ങളും തുടങ്ങണമെന്ന് ആറുമാസത്തിനുള്ളിൽ സുപ്രീംകോടതി ഉത്തരവിട്ടു. ഈ പശ്ചാത്തലമൊന്നും കൊവിഡ് പ്രോട്ടോക്കോൾ നിശ്ചയിക്കുന്ന വിദഗ്ദ്ധർ മനസിലാക്കണമെന്ന് നിർബന്ധമില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ വന്ന വാർത്തകളിൽ ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ലെന്ന വാർത്തയുമുണ്ടായിരുന്നു. ഇനിയും മാറിയിട്ടില്ലാത്ത യാഥാർത്ഥ്യങ്ങളിലൊന്നാണ് പട്ടിണി. ഈ വാർത്തകണ്ട് കുറച്ച് കുട്ടികളുടെയെങ്കിലും മുഖം മങ്ങിക്കാണും. അതു മനസിലാക്കി എന്നതാണ് മന്ത്രി ശിവൻകുട്ടിയുടെ വിജയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്ന് മന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. ജനപക്ഷത്തുനിന്നുള്ള തീരുമാനമെടുക്കുന്നതാണ് ഒരു മന്ത്രിയെ വിലയിരുത്തേണ്ടുന്ന മാനദണ്ഡം. ചറപറാ ഇംഗ്ളീഷ് സംസാരിക്കാനുള്ള കഴിവല്ല ഒരു മന്ത്രിയെ മഹാനാക്കുന്നത്. മനോഹരമായി ഇംഗ്ളീഷ് സംസാരിച്ചുകൊണ്ട് മനുഷ്യന്റെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുകയും അനാവശ്യ ചട്ടങ്ങളിൽ പിടിച്ചുതൂങ്ങി മനുഷ്യനെ വലയ്ക്കുകയും ചെയ്ത ചില മന്ത്രിമാരെങ്കിലും നമുക്കുണ്ടായിട്ടുണ്ട്. മന്ത്രിയായിരിക്കാൻ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. അതൊക്കെ ഉള്ളവർ ചുറ്റും നിന്നാൽ മതി. താൻ എടുക്കുന്ന തീരുമാനം ഭൂരിപക്ഷം ജനങ്ങളെ പ്രത്യേകിച്ചും പണമില്ലാത്തവരെ എങ്ങനെ ബാധിക്കുമെന്ന കോമൺസെൻസ് പുലർത്തുന്നയാൾ നല്ല ഭരണാധികാരിയായി മാറുമെന്നതാണ് ചരിത്രം. ആ അർത്ഥത്തിൽ ശിവൻകുട്ടി അദ്ദേഹത്തെ പരിഹസിക്കാൻ ഒരവസരവും പാഴാക്കാത്ത പലരെക്കാളും മികവ് പുലർത്തുന്ന രാഷ്ട്രീയക്കാരനാണ്.

ക്ളാസിൽ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും വിലപ്പെട്ട പാഠമാണ്. കേരളത്തിൽ ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ മുഴുവൻ ഗവൺമെന്റ്, എയ്‌ഡഡ് സ്‌കൂളുകളിലെയും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്. ചോറ്, അവിയൽ, തോരൻ, സാമ്പാർ, പുളിശേരി എന്നിവയാണ് ഉച്ചയ്ക്ക് നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. 12000 സ്‌കൂളുകളിലായി 26 ലക്ഷത്തോളം കുട്ടികളാണ് ഒന്നുമുതൽ എട്ട് വരെയുള്ള ക്ളാസുകളിൽ പഠിക്കുന്നത്. ഇവരിൽ 90 ശതമാനത്തോളം ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. ഇതെല്ലാം വിലയിരുത്തിയാവും മന്ത്രി തീരുമാനമെടുത്തത്. അത് തികച്ചും മികച്ച തീരുമാനമാണ്.