മുക്കം: നഗരസഭയെ കബളിപ്പിച്ച് അനധികൃത കെട്ടിട നിർമാണം നടത്തിയവർ കുടുങ്ങും. മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയതോടെ നടപടി കർശനമാക്കുകയാണ്.
ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള ബൈപ്പാസിനോടു ചേർന്ന് കല്ലൂർ പറമ്പിലുള്ള കെട്ടിടമുറികളിലാണ് മഴ പെയ്യുമ്പോൾ 'വെള്ളപ്പൊക്ക'മുണ്ടാകുന്നത്. ഈ ഭാഗത്ത് നിന്ന് വെള്ളം ഒഴുകുന്ന കലുങ്കും തോടും കയ്യേറി സ്വകാര്യവ്യക്തി നടത്തിയ അനധികൃത നിർമ്മാണമാണ് കാരണമെന്ന് നഗരസഭ അധികൃതരുടെ പരിശോധനയിലാണ് വ്യക്തമായി. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തപ്പോൾ കാരശ്ശേരി സഹകരണ ബാങ്കിന്റെ എതിർവശത്തുള്ള കടമുറികളിൽ വെള്ളം കയറുകയും വൻതോതിൽ നാശനഷ്ടങ്ങൾക്കിടയാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച പരാതിയിലാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംസ്ഥാന പാതയിൽ കാരശ്ശേരി ബാങ്കിന്റെ മുൻവശത്തുള്ള കലുങ്കിനടിയിലൂടെ വെള്ളം ഒഴുകുന്ന തോട് അടച്ച് സ്വകാര്യവ്യക്തി നടത്തിയ കെട്ടിടനിർമ്മാണമാണ് മഴ പെയ്യുമ്പോൾ നഗരത്തിലെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങാൻ കാരണമാകുന്നതെന്നാണ് കണ്ടെത്തിയത്.
തോട് കയ്യേറുക മാത്രമല്ല കെട്ടിടത്തിൽ അനുമതിയില്ലാതെ ഒരു നില അധികമായി നിർമ്മിക്കുകയും ചെയ്തതായി കണ്ടെത്തി. അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കെട്ടിടത്തിന് നൽകിയ നിർമ്മാണ അനുമതി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അനധികൃത നിർമ്മാണങ്ങളെല്ലാം പൊളിച്ചുനീക്കി എന്ന് വ്യാജ സത്യവാങ്മൂലം നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടത്തിന് നമ്പർ വാങ്ങിയതെന്നും പരിശോധനയിൽ ബോധ്യമായി. സ്ഥല പരിശോധന നടത്താതെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി എന്ന് റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
ജലപ്രവാഹം തടസപ്പെടുത്താതെ ഈ കലുങ്ക് പരിപാലിക്കാൻ നഗരസഭയോട് നിർദേശിച്ചുകൊണ്ട് രണ്ടുവർഷം മുൻപ് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നതാണ്. അഡ്വ. അൻവർ സാദത്ത് നൽകിയ പരാതിയിലായിരുന്നു വിധിന്യായം. വൻ തുക ചെലവഴിച്ചാണ് നഗരസഭ കലുങ്കിന്റെ പുനർനിർമ്മാണം നടത്തിയത്. ഹൈക്കോടതി വിധി ലംഘിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടത്തിയതിനെതിരെയും അനധികൃത നിർമ്മാണത്തിനും തോട് കയ്യേറ്റത്തിനുമെതിരെ കേരള മുൻസിപ്പൽ ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം നടപടികൾക്കായി ജില്ലാകളക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. കെട്ടിടം പൂർണമായും അനധികൃതമായി കണക്കാക്കി പിഴ ചുമത്തും. പരിശോധനയിൽ നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിനൊപ്പം റവന്യൂ ഇൻസ്‌പെക്ടർ പി. സുരേഷ് ബാബു, സീനിയർ ക്ലാർക്ക് ഷാജി, സുധികുമാർ എന്നിവരും പങ്കെടുത്തു.