mahe

മാഹി: മയ്യഴി നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും അട്ടിമറി. കോടതി വിധിയിലൂടെ പത്ത് വർഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 4ന് നടക്കേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനം നിലനിൽക്കെ ചിലർ വാർഡ് വിഭജനം, സംവരണം എന്നിവയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.

തുടർന്ന് സർക്കാർ ഒ.ബി.സി. സംവരണം, പട്ടിക വിഭാഗ സംവരണം എന്നിവ എടുത്തു കളഞ്ഞു. മാഹി നഗരസഭാ ചെയർമാൻ സ്ഥാനം നേരത്തെ വനിതകൾക്ക് സംവരണം ചെയ്യപ്പെട്ടതായിരുന്നു. മയ്യഴി നഗരസഭയുടെ ചരിത്രത്തിലിതുവരെ സ്ത്രീകൾ ചെയർമാന്റെ കസേരയിലിരുന്നിട്ടില്ല. ഇപ്പോഴത് പൊടുന്നനെ വീണ്ടും ജനറലാക്കി. നേരത്തെയുണ്ടായിരുന്ന 15 വാർഡുകൾ ഇപ്പോൾ പത്താക്കി കുറച്ചിരുന്നു. പന്തക്കൽ നോർത്ത്, പളളൂർ വെസ്റ്റ്, ചാലക്കര സൗത്ത്, മാഹി സൗത്ത് എന്നിവ സ്ത്രി ജനറൽ വാർഡുകളാണ്. ഇതോടെ കണക്ക് കൂട്ടലുകളെല്ലാം വീണ്ടും മാറി മറിഞ്ഞു. സ്ഥാനാർത്ഥികളെയും ചെയർപേഴ്‌സണേയുമെല്ലാം മുന്നണികൾ ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. നോമിനേഷന് കാത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിത അട്ടിമറിയുണ്ടായത്. വീണ്ടും എല്ലായിടത്തും സ്ഥാനാർത്ഥികളെ മാറ്റേണ്ടി വരും.
കോൺഗ്രസിൽ ചെയർമാൻ സ്ഥാനാർത്ഥികളായി മുൻ നഗരസഭാ വൈസ് ചെയർമാനായിരുന്ന പി.പി. വിനോദ്, സർവീസ് സംഘടനകളുടെ ദേശീയ നേതാവ് കെ. ഹരീന്ദ്രൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മുൻ നഗരസഭാംഗം സത്യൻ കേളോത്തിന്റെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. ഇടത് മുന്നണിയിൽ അഡ്വ. അശോക് കുമാറിനാണ് മുൻതൂക്കം. രണ്ട് തവണ നഗരസഭാ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ നിർബന്ധിതമായത് ഇദ്ദേഹം സുപ്രീംകോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിലെ വിധികളെ തുടർന്നാണ്. വിപുലമായ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയത്തിന് അതീതമായി ഇദ്ദേഹത്തിനുണ്ട്. മുൻ നഗരസഭാ പ്രതിപക്ഷ നേതാവും സൗമ്യനുമായ വടക്കൻ ജനാർദ്ദനന്റെ പേരും ഉയരുന്നുണ്ട്.