ചീമേനി: കാസർകോട്, കണ്ണൂർ ജില്ലകളുടെ അതിർത്തിയിലുള്ള മലയോര വാണിജ്യ നഗരമായ ചീമേനിയിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം. അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പ് മുട്ടുന്ന ചീമേനി നഗരവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ചീമേനിയിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കുക എന്നത്. അതിനാണിപ്പോൾ സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഒരു ഹെക്ടർ ഭൂമി നൽകുന്നതിനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് സെന്റിന് ഒന്നിന് നൂറു രൂപ എന്ന സൗജന്യ നിരക്കിൽ വാർഷിക പാട്ടത്തിന് 30 വർഷത്തേയ്ക്ക് നിബന്ധനകളോടെയാണ് സർക്കാർ ഭൂമി പഞ്ചായത്തിന് കൈമാറുക.
തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലിന്റെ ഏറെക്കാലത്തെ ശ്രമഫലമായാണ് ഭൂമി നൽകുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായത്. 500 ഓളം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ചീമേനി ടൗണിലും പരിസരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ ടൗണിൽ ദിനംപ്രതി വന്നുപോകുന്നുണ്ട്. ബസുകളെല്ലാം റോഡരികിൽ നിറുത്തി ആളുകളെ കയറ്റി പോകുന്ന സ്ഥിതിയാണുള്ളത്. ഗ്രാമ പഞ്ചായത്ത് ഓഫീസ്, റവന്യു ഓഫീസുകൾ, പൊലീസ് സ്റ്റേഷൻ, ആരോഗ്യ കേന്ദ്രങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചീമേനി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് ബസ് കാത്തുനിൽക്കാനോ വിശ്രമിക്കാനോ യാതൊരു സൗകര്യവുമില്ലാതിരുന്നതിനെ തുടർന്ന് സൗകര്യപ്രദമായ ഒരു ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നേരത്തെ ശ്രമം തുടങ്ങിയതായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് സ്ഥാപിക്കുന്നതിനായി പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള സ്ഥലം കണ്ടെത്തുകയും അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും കൈമാറ്റം ചെയ്യാതിരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോവുകയായിരുന്നു.