വെള്ളനാട്: കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ വെണ്ട ഇനമായ 'അഞ്ചിത' കർഷകരിലേക്ക്. മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രമാണ് അഞ്ചിത കർഷകരിലേക്ക് എത്തിക്കുന്നത്. മികച്ച രോഗപ്രതിരോധശേഷിയുള്ള അഞ്ചിത വെള്ളനാട് പഞ്ചായത്തിലെ കുളക്കോട് സ്വദേശി സുനിലിന്റെ കൃഷിയിടത്തിലാണ് കൃഷി ചെയ്തത്. വ്യാപകമായി കാണപ്പെടുന്ന വൈറസ് രോഗമായ മഞ്ഞളിപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനമാണ് അഞ്ചിതയെന്ന് കെ.വി.കെ ഹോർട്ടികൾച്ചർ വിഭാഗം സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് പറയുന്നു. ഇക്കരണത്താൽ വലിയതോതിൽ കൃഷിചെയ്താൽ നല്ല ആദായവും ലഭിക്കും. വെണ്ടയുടെ ആദ്യ വിളവെടുപ്പ് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം നിർവഹിച്ചു.