തിരുവനന്തപുരം: പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണം, പരിസര ശുചീകരണം, സ്ത്രീധന വിപത്ത് എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പുതിയ കരിക്കുലം കമ്മിറ്റി ഉടൻ രൂപീകരിക്കും. പുസ്തകങ്ങളുടെ വലിപ്പവും എണ്ണവും കുറയ്ക്കുന്ന തരത്തിലാവും പരിഷ്കരണം. സമകാലിക സാമൂഹ്യപ്രശ്നങ്ങൾ പാഠ്യപദ്ധതിയിലുണ്ടാവും. മാലിന്യസംസ്കരണം, പരിസര ശുചിത്വം എന്നിവയിൽ പ്രായോഗിക പഠനവും പ്രത്യേക പീരിയഡുകളുമുണ്ടാവുമെന്നും എൽദോസ് പി കുന്നപ്പിള്ളിലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സ്കൂളുകളുടെ പുനർനിർമ്മാണം:
ഏജൻസികൾക്ക് വീഴ്ചയെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂളുകളുടെ പുനർനിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത ഏജൻസികൾ അത് കൃത്യമായി ചെയ്യുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 140 മണ്ഡലങ്ങളിലും കിഫ്ബി ഫണ്ടുപയോഗിച്ച് പുനർനിർമ്മാണത്തിന് കരാറെടുത്ത നാല് ഏജൻസികൾ പണി വേറെ ആളുകളെ ഏൽപ്പിച്ചു. സ്കൂൾ തുറക്കുമ്പോൾ ഭാഗികമായി മാത്രമേ പണികൾ പൂർത്തീകരിക്കാനാവൂ. നിർമ്മാണം പൂർത്തിയാക്കാനാവുന്നില്ലെങ്കിൽ ഈ ഏജൻസികളെ ഒഴിവാക്കുമെന്നും സംസ്ഥാന തലത്തിൽ ഏജൻസികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും പരിഗണനയിൽ
തിരുവനന്തപുരം: കൊവിഡ് സാഹചര്യവും വാക്സിനേഷൻ നിരക്കും വിലയിരുത്തി, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വാക്സിനേഷൻ പുരോഗതിയും സാമൂഹിക ആരോഗ്യ പരിപാലന വിഷയങ്ങളും കണക്കിലെടുത്ത ശേഷമായിരിക്കും നിയന്ത്റണങ്ങളും ഇളവുകളും തീരുമാനിക്കുക. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്നും കളക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകുമെന്നും വി. ജോയിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.