സർക്കാർ സേവനങ്ങൾ ജനത്തിന്റെ നിയമപരമായ അവകാശമാണെന്നാണു വയ്‌പ്. അത് തട്ടുംതടയുമില്ലാതെ ലഭ്യമാക്കേണ്ട ബാദ്ധ്യതയും സർക്കാരിനു തന്നെ. എന്നാൽ നിലവിലെ സമ്പ്രദായമനുസരിച്ച് ഈ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ പലവട്ടം കയറിയിറങ്ങേണ്ട സ്ഥതിയാണ്. സർക്കാർ സേവനത്തിനുള്ള അപേക്ഷാഫീസ് എടുത്തുകളയാനും നിശ്ചിത സമയക്രമത്തിൽ അവ ലഭ്യമാക്കാനുമുള്ള നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സേവനങ്ങൾക്കായുള്ള അപേക്ഷാഫീസ് ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധയിനം സർട്ടിഫിക്കറ്റുകൾ ഏകോപിത രൂപത്തിൽ നൽകി നടപടികൾ ലഘൂകരിക്കാനും തീരുമാനമായി. ഓരോ ആവശ്യത്തിനും ഓരോ സർട്ടിഫിക്കറ്റ് എന്ന രീതി മാറുന്നത് ജനങ്ങൾക്കു മാത്രമല്ല സർക്കാർ ഓഫീസുകളിലെ ജോലിഭാരവും കുറയ്ക്കും. റവന്യൂ - തദ്ദേശസ്ഥാപന ഓഫീസുകൾ ഏറ്റവുമധികം തിരക്കു നേരിടുന്നത് വിവിധ സർട്ടിഫിക്കറ്റുകൾക്കു വേണ്ടിയാണ്. യശഃശരീരനായ കെ.എം. മാണി മന്ത്രിയായിരുന്നപ്പോൾ ഏകീകൃത റവന്യൂ കാർഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചതാണ്. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന കാർഡാണ് ഉദ്ദേശിച്ചിരുന്നത്. കുടുംബ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾ സർട്ടിഫിക്കറ്റ് നൽകിയാൽ പലവിധ സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഒഴിവാക്കാനാകും. എല്ലാവർക്കും ആധാർ കാർഡ് ഉള്ള സ്ഥിതിക്ക് പല കാര്യങ്ങൾക്കുമുള്ള ആധികാരിക രേഖയായി അത് ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ അദ്ധ്യയന വർഷാരംഭത്തിൽ റവന്യൂ ഓഫീസുകളിൽ വൻ തിരക്കാണ്. ഇനിമുതൽ സ്കൂൾ സർട്ടിഫിക്കറ്റ് മതിയാകും ജനന സർട്ടിഫിക്കറ്റ് രേഖയുടെ തെളിവായി. അപേക്ഷ ലഭിച്ച് അഞ്ചു പ്രവൃത്തിദിവസത്തിനകം സേവനം ലഭ്യമാക്കണമെന്നും നിഷ്‌കർഷിക്കും. ഓരോ സേവനത്തിന് നൽകുന്ന സർട്ടിഫിക്കറ്റ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിൽ അനുവാദമില്ല. കുടിവെള്ള കണക്‌ഷന് അപേക്ഷ നൽകാൻവേണ്ടി വാങ്ങുന്ന സർട്ടിഫിക്കറ്റ് ഇലക്ട്രിക് കണക്‌ഷന് നൽകാനാവില്ല. തദ്ദേശസ്ഥാപനങ്ങളുടെ ഓരോ സേവനത്തിനും പ്രത്യേകം പ്രത്യേകം സർട്ടിഫിക്കറ്റ് വേണ്ടിവരുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള 'സർട്ടിഫിക്കറ്റ് രാജി"ൽ നിന്നുള്ള മോചനം സർക്കാർ ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കും. നടപടികൾ കൂടി ലളിതമാക്കിയാൽ അനായാസം സേവനങ്ങൾ ആവശ്യക്കാരുടെ കൈയിലെത്തും. സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന ശാഠ്യവും ഇല്ലാതാകാൻ പോവുകയാണ്. അപേക്ഷാഫാറം ഒറ്റപ്പേജിൽ ഒതുക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.
സർക്കാർ സേവനത്തിനുള്ള അപേക്ഷാഫീസ് വേണ്ടെന്നുവയ്ക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്പെടുമെങ്കിലും ആയിനത്തിലുള്ള വരുമാനമില്ലാതാകുന്നത് സ്വതേ സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാരിന് എത്രമാത്രം ആശാസ്യമാകുമെന്നറിയല്ല. ഫീസ് നൽകിയിട്ടായാലും സേവനം കാലതാമസം കൂടാതെ ലഭിക്കുമെങ്കിൽ അതാകും ജനങ്ങൾ സ്വാഗതം ചെയ്യുക. അതുകൊണ്ട് നടപടികൾ ലഘൂകരിക്കുന്നതിനൊപ്പം സേവനങ്ങൾ കൃത്യമായും സമയബന്ധിതമായും നൽകാനുള്ള ഏർപ്പാടുകളാണ് ഉറപ്പാക്കേണ്ടത്. സിവിൽ സർവീസിനെ കൂടുതൽ പ്രതിബദ്ധതയുള്ളതാക്കണം. സർവീസ് സംഘടനകളാണ് ഇതിനു മുൻകൈയെടുക്കേണ്ടത്. സർക്കാർ നിരീക്ഷണം കൂടി ശക്തമായാൽ എളുപ്പം സാധിക്കാവുന്ന കാര്യമാണിത്.