തിരുവനന്തപുരം: കുന്നംകുളം മണ്ഡലത്തിലെ അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 2016 ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ റോഡാണിത്. സാങ്കേതികാനുമതിക്ക് ശേഷം 2019ൽ കരാർ നൽകി പ്രവൃത്തി ആരംഭിച്ചു. കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുക കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. എൽ.എസ്.ജി.ഡി, യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുക കൂടുതലായി വന്നതിനാൽ പുതുക്കിയ സാമ്പത്തികാനുമതി കഴിഞ്ഞ മാസം 23 ന് ലഭിച്ചിട്ടുണ്ട്. നിലവിൽ 65 % നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഓടകളുടേയും കലുങ്കുകളുടേയും നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കി. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ കാലാവധി അടുത്ത മെയ് വരെ ദീർഘിപ്പിക്കണമെന്ന അപേക്ഷയിൽ ഫീൽഡ് ഓഫീസിൽ നിന്ന് വിശദീകരണം ലഭ്യമായാൽ അക്കാര്യത്തിൽ തീരുമാനമെടുക്കും. ബാക്കിയുള്ളവയുടെ വർക്ക് ഷെഡ്യൂൾ തയ്യാറാക്കി റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എ.സി മൊയ്തീന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.