ആകാശത്തിലെയും പാതാളത്തിലെയുമൊഴികെ ഏത് സംഗതിയിലും സാമാജികർക്ക് സ്വന്തമായി ബില്ലുമായെത്താനവസരമുള്ള ദിവസമാണ് വെള്ളിയാഴ്ച. തിരിഞ്ഞു കടിക്കാത്തതെന്തും തേടിപ്പിടിച്ച് അതിനൊരു ബില്ലുണ്ടാക്കിയെത്താൻ ഗവേഷണം നടത്തി വെള്ളിയാഴ്ചയ്ക്കായി കാത്തിരിക്കുന്നവരുണ്ട്. അത്തരമൊരു 'കഠിനഗവേഷണ'ത്തിലൂടെ സ്വരുക്കൂട്ടിയ ബില്ലുമായെത്തിയ ലീഗ് അംഗം ടി.വി. ഇബ്രാഹിം അതിത്രയും പൊല്ലാപ്പാകുമെന്ന് ചിന്തിച്ചില്ല. വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് എന്നതാണ് ബിൽ. നിരുപദ്രവകരമെന്ന് ഇബ്രാഹിമിന് തോന്നിയ ബില്ല് മറ്റാർക്കും അങ്ങനെ തോന്നാതിരുന്നാലെന്ത് ചെയ്യാനാണ് !
ഇബ്രാഹിമിനെ കുടുക്കിയത് സ്വന്തം പക്ഷത്തെ ഏക വനിതാ അംഗമായ ആർ.എം.പി പ്രതിനിധി കെ.കെ. രമയാണ്. സ്ത്രീവിരുദ്ധവും പ്രാകൃതവുമായ ബില്ലെന്നാണ് രമ രോഷത്തോടെ തീർപ്പുകല്പിച്ചത്.
രമയെ സാന്ത്വനിപ്പിക്കാൻ ഇബ്രാഹിം തുനിഞ്ഞെങ്കിലും, അഞ്ച് ബില്ലുകാർ ഊഴം കാത്തിരിക്കുന്നതിനാൽ സമയനിയന്ത്രണം അദ്ദേഹത്തിന് വില്ലനായി. ബെൽ മുഴങ്ങി. തുടർചർച്ചയ്ക്കായി ബിൽ മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞവസാനിപ്പിക്കാൻ ഇബ്രാഹിം നിർബന്ധിതനായി.
ഏത് കുടുംബത്തിലും അവസാനത്തേക്കായി മാറ്റിവയ്ക്കപ്പെടുന്ന ആവശ്യങ്ങൾ വീട്ടമ്മമാരുടേതാണെന്ന സങ്കടമാണ് ഇബ്രാഹിം പറഞ്ഞുവന്നത്. 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ' എന്നുതുടങ്ങുന്ന രമേശൻനായരുടെ വരികൾ തന്റെ ബില്ലിന് പിൻബലമേകാനായി ഇബ്രാഹിം ചൊല്ലി. ആ കവിതയും സ്ത്രീവിരുദ്ധമാണെന്നായിരുന്നു രമയുടെ പക്ഷം. ഭരണപക്ഷത്ത് നിന്ന് ഡസ്കിലടിയും അവർക്ക് കിട്ടി.
കുടുംബം കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റല്ലെന്നും സാമൂഹ്യമായും സാംസ്കാരികമായും ലിംഗസമത്വപരമായും നിയമപരമായും ഇങ്ങനെയൊരു ക്ഷേമനിധി ബോർഡ് സാദ്ധ്യമല്ലെന്നും മന്ത്രി വീണജോർജ്ജ് ആദ്യമേ തീർപ്പു കല്പിച്ചതാണ്. സ്ത്രീശാക്തീകരണത്തിന്റെ കാലത്ത് സ്ത്രീകളെ വീട്ടമ്മമാരിലേക്ക് പരിമിതപ്പെടുത്തേണ്ടതില്ലെന്നും ഉപദേശിച്ചു. ആ ഉപദേശം കേട്ടിരുന്നെങ്കിൽ ഇബ്രാഹിമിന് രമയുടെ പഴികൂടി കേൾക്കേണ്ടി വരുമായിരുന്നില്ല.
സ്വതവേ ദുർബല, പോരാത്തതിന് ഗർഭിണിയുമെന്ന അവസ്ഥയിലായിരുന്നു ഇന്നലത്തെ 'ബില്ലുടമസ്ഥരെ'ല്ലാവരും. പന്ത്രണ്ടരയ്ക്ക് പിരിയേണ്ട ദിവസമാണ്. ശൂന്യവേള തീർന്നപ്പോൾ പതിനൊന്നരയോടടുത്തതിനാൽ ബില്ലവതാരകർക്കെല്ലാം ഏഴ് മിനിറ്റെന്ന നിബന്ധന സ്പീക്കർ നിർദ്ദേശിച്ചു. മന്ത്രിമാരുടെ മറുപടി സമയമുൾപ്പെടെ. മൂക്കിൽ വലിക്കാൻ തികയില്ലെന്നറിയാവുന്ന നിസഹായാവസ്ഥ. ചിലരൊക്കെ ഒരുവിധം പറഞ്ഞൊപ്പിച്ച് നിറുത്തി. സാധിക്കാത്ത ചിലർ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ കാർക്കശ്യത്തിന് മനസില്ലാമനസോടെ അടിയറവ് പറഞ്ഞു. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള രാഷ്ട്രീയ സംഘടനാപ്രവർത്തനം നിരോധിക്കൽ ബിൽ കൊണ്ടുവന്ന ടി.ഐ. മധുസൂദനൻ ഉന്നമിട്ടത് വിശ്വഹിന്ദുപരിഷത്തിനെയും സംഘപരിവാർ രാഷ്ട്രീയത്തെ മൊത്തത്തിലുമായിരുന്നു.
കളിസ്ഥല സംരക്ഷണത്തിനായി പി.പി. ചിത്തരഞ്ജനും തദ്ദേശസ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക് പെൻഷനേർപ്പെടുത്താൻ സി.ആർ. മഹേഷും ബില്ലുകളുമായെത്തി. കഴിഞ്ഞ സമ്മേളനത്തിൽ തുടർചർച്ചയ്ക്കായി മാറ്റിവച്ച മൂന്നെണ്ണവുമുണ്ടായിരുന്നു.
കൊവിഡ് മരണക്കണക്ക് പൂഴ്ത്തി സർക്കാർ, അർഹർക്ക് ആനുകൂല്യം നിഷേധിക്കുന്നു എന്നാരോപിച്ചായിരുന്നു ശൂന്യവേളയിൽ പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ബിഹാർ സർക്കാർ നാലുലക്ഷം നഷ്ടപരിഹാരം കൊടുത്തത് പോലെ ഇവിടെയേർപ്പെടുത്താൻ, രാഷ്ട്രീയവും ധാർമ്മികവുമായ ബാദ്ധ്യത എന്തുകൊണ്ട് സർക്കാർ നിറവേറ്റുന്നില്ലെന്ന് വിഷ്ണുനാഥ് അരിശംപൂണ്ടു. "എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയമായും ധാർമ്മികമായും കമ്മിറ്റഡാണ് സാർ, ഏറ്റവുമധികം സൗജന്യചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ് സാർ"- മന്ത്രി വീണ ജോർജ്ജും തിരിച്ചടിച്ചു. ജൂൺ പതിനാറ് വരെ സംസ്ഥാനത്ത് മരിച്ചവരുടെയെല്ലാം കണക്ക് കൈയിൽവച്ച് മന്ത്രി മിണ്ടാതിരിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ കൊടുത്ത കണക്ക് പുറത്തുവിട്ടാൽ ഇതുവരെയുള്ള സർക്കാരിന്റെ അവകാശവാദങ്ങളുടെ കോട്ടകൾ ഇടിഞ്ഞുവീഴുമെന്ന് അദ്ദേഹം സങ്കല്പിച്ചു. കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന മന്ത്രിയുടെ വാക്കിൽ വിശ്വസിക്കാത്ത പ്രതിപക്ഷം ഇറങ്ങിപ്പോക്കിൽ അവസാനിപ്പിച്ചു.