തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകൾ മറച്ചുവയ്ക്കുന്നില്ലെന്നും ജൂൺ 16ന് മുൻപ് മരിച്ചതും രേഖകളില്ലാതിരുന്നതിനാൽ നേരത്തേ ഉൾപ്പെടുത്താതിരുന്നതുമായ ഏഴായിരം മരണങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാനുള്ള ഈ പട്ടികയിൽ ആക്ഷേപമുള്ളവർക്ക് പത്തുമുതൽ ഓൺലൈനായോ തൊട്ടടുത്തുള്ള പബ്ലിക് ഹെൽത്ത് സെന്ററിലോ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലോ നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കാം. 30 ദിവസത്തിനകം പരിഹാരമുണ്ടാക്കി ജില്ലാതലത്തിൽ പട്ടിക പ്രസിദ്ധീകരിക്കും. അർഹതപ്പെട്ട ഒരു കുടുംബത്തിനും സഹായം ലഭിക്കാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സയിൽ നിന്നും പ്രതിരോധത്തിൽ നിന്നും സർക്കാർ പിന്തിരിയുകയാണെന്നും മരണക്കണക്കുകൾ ഒളിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മികച്ച പ്രതിരോധം തീർത്തെന്ന് കാണിക്കാനാണ് കൊവിഡ് മരണക്കണക്ക് ഒളിപ്പിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു. 30 ശതമാനം പേർ മരിച്ചത് ആശുപത്രിയിലെത്തിക്കാൻ വൈകിയതു മൂലമാണെന്നു കണക്കുകൾ പറയുന്നു. കൊവിഡ് വന്നാൽ വീട്ടിലിരിക്കാനും ഗുരുതരമായാൽ മാത്രം ആശുപത്രിയിൽ പോയാൽ മതിയെന്നുമുള്ള സർക്കാർ നിലപാടാണ് മരണനിരക്ക് ഉയരാൻ കാരണമായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷമെങ്കിലും നഷ്ടപരിഹാരം നൽകണം.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റേത് പൊള്ളയായ അവകാശവാദമാണെന്നും സർക്കാരിന്റെ കണക്കും യഥാർത്ഥ മരണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജൂൺ 16വരെയുള്ള മരണക്കണക്കിൽ കള്ളക്കളി നടത്തിയ സർക്കാർ അതിനുശേഷമുള്ള പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിൽ കൊവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചോ? അല്ലെങ്കിൽ എന്ന് അവസാനിക്കും. ഇതൊന്നും വ്യക്തമായി പറയാൻ സർക്കാരിനാവുന്നില്ല. മൂന്നാം തരംഗത്തെ തടയാനുള്ള പഠനത്തിനാവശ്യമായ കൃത്യമായ ഡേറ്റ കൈവശമില്ല. എല്ലാ സംസ്ഥാനങ്ങളും ചികിത്സ സൗജന്യമാക്കുമ്പോൾ ഇവിടെ കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാരാശുപത്രികളിൽ പണമീടാക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
"
ആശുപത്രിയിലെത്തിക്കാൻ വൈകുന്നതു കാരണമുള്ള മരണങ്ങൾ തടയാൻ ജനജാഗ്രതാസമിതികൾ ശക്തിപ്പെടുത്തി. ഓരോ മരണവും എങ്ങനെയാണെന്ന് പരിശോധിക്കുന്നുണ്ട്.
-വീണാജോർജ്ജ്,
ആരോഗ്യമന്ത്രി
"
മേനിനടിക്കാൻ യഥാർത്ഥ കണക്ക് സർക്കാർ മറച്ചുവച്ചാൽ ജനങ്ങൾക്ക് നഷ്ടപരിഹാരം കിട്ടാതാവും. ജൂൺ16ന് മുൻപ് മരിച്ചവരുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിനാളുകൾ പട്ടികയ്ക്ക് പുറത്താണ്.
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്
'പരാതികളുണ്ടെങ്കിൽ പരിഹരിക്കും'
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം സംസ്ഥാന സർക്കാർ, കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചു. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തും. സമയബന്ധിതമായി സുതാര്യമായി പരാതികൾ തീർപ്പാക്കും. കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികൾക്ക് ആദ്യം ധനസഹായം നൽകിയ സംസ്ഥാനമാണ് കേരളം. അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സിറോ പ്രിവിലൻസ് സർവേ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.