രജനികാന്തും നയൻതാരയും ജോടികളാകുന്ന അണ്ണാത്തെയിലെ ഇരുവരുമൊന്നിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും.അണ്ണാത്തെയ്ക്ക് വേണ്ടി അനശ്വര ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച അണ്ണാത്തെ.. എന്ന അടിപൊളി ഗാനം മൂന്ന് ദിവസം മുൻപാണ് റിലീസ് ചെയ്തത്. വൻ തരംഗമായ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ഇതിനകം അറുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഡി. ഇമാന്റെ സംഗീത സംവിധാനത്തിൽ ശ്രേയാഘോഷാലും സിദ്ദ് ശ്രീറാമും പാടിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇന്ന് റിലീസ് ചെയ്യുന്നത്.
സൺ പിക്ചേഴ്സ് നിർമ്മിച്ച് ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ രജനികാന്തിനെയും നയൻതാരയെയും കൂടാതെ കീർത്തി സുരേഷ്, ഖുശ്ബു, മീന, ജാക്കിഷ്റോഫ്, പ്രകാശ് രാജ്, ജഗപതി ബാബു, ബാല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ദീപാവലിക്ക് ലോകവ്യാപകമായി അണ്ണാത്തെ റിലീസ് ചെയ്യും.