viswas

തിരുവനന്തപുരം: മാസം 2.25 ലക്ഷം രൂപ ശമ്പളത്തിൽ മുഖ്യവിവരാവകാശ കമ്മിഷണറായി വിലസുന്ന മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് പുതുതായി താമസമാക്കിയ ഫ്ലാറ്റിൽ ഒരു കസേര വാങ്ങിയിടാൻ പണമില്ലേ! വിവരാവകാശ കമ്മിഷനിലെ നാല് പ്ലാസ്റ്റിക് കസേരകൾ പട്ടാപ്പകൽ പൊക്കി ഔദ്യോഗിക ഇന്നോവയുടെ പിന്നിലിട്ട് ഫ്ലാറ്റിലെത്തിച്ചു. ഉന്നത പദവിയെ നാണം കെടുത്തുന്ന തരംതാണ പ്രവൃത്തി.

അധികാര ദുർവിനിയോഗം അതിരുവിട്ടാലും ചോദിക്കാനാരുമില്ലെന്ന നിലയിലാണ് മേത്തയുടെ പോക്ക്.

രണ്ട് വീട്ടു ജോലിക്കാരെ ഓഫീസ് അസിസ്റ്റന്റുമാരാക്കിയും കുടുംബാംഗങ്ങളുടെ ആവശ്യത്തിന് വാഹനമോടിക്കുന്ന രണ്ടുപേരെ ഔദ്യോഗിക ഡ്രൈവർമാരാക്കിയും ശമ്പളം സ‌ർക്കാരിൽ നിന്നീടാക്കുന്നുണ്ട് മേത്ത. വീട്ടിൽ മീൻ വാങ്ങാനും ഭാര്യയ്ക്കും മക്കൾക്കും യാത്രയ്ക്കുമായി കിൻഫ്രയിലും പൊലീസിലും നിന്ന് വാഹനങ്ങളുമുണ്ടായിരുന്നു. വിവാദമായതോടെ അടുത്തിടെ ഇവ തിരിച്ചെടുത്തു.

വിരമിച്ചെങ്കിലും സെക്രട്ടേറിയറ്റിൽ സ്വന്തമായി ചാരശൃംഖലയുണ്ട് മേത്തയ്ക്ക്. ചീഫ് സെക്രട്ടറിയായിരിക്കെ ഒപ്പമുണ്ടായിരുന്നയാളെ വിവരാവകാശ കമ്മിഷനിൽ ഓഫീസ് അസിസ്റ്റന്റാക്കി. ഇയാൾ വല്ലപ്പോഴും കമ്മിഷനിലെത്തി ഒപ്പിടും. പ്രധാനപണി സെക്രട്ടേറിയറ്റിൽ മേത്തയ്ക്കായി ചാരപ്പണിയും ആവശ്യങ്ങൾ നടപ്പാക്കിയെടുക്കലുമാണ്.


നിറുത്തലാക്കിയ അലവൻസും

മേത്തയുടെ പോക്കറ്റിൽ

പാർലമെന്റ് 2019 ജൂലായിൽ വിവരാവകാശ നിയമ ഭേദഗതി പാസാക്കിയതോടെ, മുഖ്യവിവരാവകാശ കമ്മിഷണർക്കുണ്ടായിരുന്ന 11,400 രൂപയുടെ പ്രതിമാസ ഇൻസി​ഡന്റൽ അലവൻസ് ഇല്ലാതായി. അലവൻസിന് അർഹതയില്ലെന്ന് ധനകാര്യവകുപ്പ് നിർദ്ദേശവും നൽകി. എന്നാൽ ഇത് തനിക്ക് ബാധകമല്ലെന്നാണ് മേത്തയുടെ നിലപാട്.

ഓഫീസ് ചെലവെന്ന് രേഖപ്പെടുത്തി തനിക്ക് അലവൻസ് നൽകണമെന്ന് മേത്ത സ്വന്തമായി ഉത്തരവിറക്കി. കഴിഞ്ഞ മാർച്ച് മുതൽ ഇത് കൈപ്പറ്റുന്നുണ്ട്. കമ്മിഷന്റെ പ്രവർത്തനത്തിനുള്ള സർക്കാർ ഫണ്ടിൽ നിന്നാണ് അലവൻസ് നൽകുന്നത്. കാലാവധി കഴിഞ്ഞ് മേത്ത പൊടിയുംതട്ടി പോകും. ചട്ടവിരുദ്ധമായി അലവൻസ് പാസാക്കിയ ഉദ്യോഗസ്ഥർ ഓഡിറ്റിൽ കുടുങ്ങുകയും ചെയ്യും.

കരിമ്പൂച്ചകളുടെ

കാവലിൽ ബെഹ്റ

വിശ്വാസ് മേത്തയുടെ സുഹൃത്ത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡിയായപ്പോഴും സംസ്ഥാന സായുധ പൊലീസിന്റെ കാവൽ തുടരുന്നു. ഡി.ജി.പിയായിരിക്കെയുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ പേരിൽ വൈ-കാറ്റഗറി സുരക്ഷയാണ്. ആറ് പൊലീസുകാരുടെ അകമ്പടി. പുറമെ, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ കമാൻഡോ സുരക്ഷയും. ബെഹ്റയ്ക്കും 2.25 ലക്ഷം ശമ്പളവും അലവൻസുമുണ്ട്.