തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലഖീംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കൊലയാളികളെ സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി ആരോപിച്ചു. കേന്ദ്ര മന്ത്രിയുടെ മകൻ കാറിടിച്ച് കൊലപ്പെടുത്തിയ കർഷക കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയേയും തടഞ്ഞ ബി.ജെ.പി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ കെ.പി.സി.സി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിയുടെ മകനെ ഇത്രയും ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. കർഷക സമരം ഒത്തുതീർപ്പാക്കാൻ ഒരു ശ്രമവും കേന്ദ്ര സർക്കാർ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് വികസനവും പുരോഗതിയും ഉണ്ടാക്കിയതിന്റെ വേദന അറിയാത്തവരാണ് ബി.ജെ.പിക്കാർ. വിമാനത്താവളങ്ങളും പോസ്‌റ്റോഫീസും റെയിൽവേയും ഉൾപ്പടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ വില്പനയ്‌ക്ക് വച്ചിരിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ധിഖ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാർ, എം.എൽ.എമാർ, ജില്ലയിൽ നിന്നുളള കെ.പി.സി.സി ഭാരവാഹികൾ അടക്കമുളളവർ ധർണയിൽ പങ്കെടുത്തു.