തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കെ.പി.സി.സി തീരുമാനം. കെ.പി.സി.സി നിയോഗിച്ച അന്വേഷണസമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ നടപടികളിലേക്ക് കടക്കുന്നത്.
ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർക്ക് പുറമേ ഒരു എം.പിയും പട്ടികയിലുണ്ടെന്നാണ് സൂചന. നോട്ടീസ് നൽകാത്തതിനാൽ എം.പിയുടെ പേര് നേതൃത്വം പുറത്ത് വിട്ടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാപരമായതും പൊതുജനമദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതുമായ 58 പരാതികൾ പ്രത്യേകം പരിശോധിക്കും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോൺഗ്രസ് മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താനായി കെ. മോഹൻകുമാർ, പി.ജെ. ജോയി, കെ.പി. ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി.
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവിയിലേക്കും പരിഗണിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.