നെടുമങ്ങാട് :സംസ്ഥാനത്ത് ആദ്യമായി പി.എസ്. സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിൽ നെടുമങ്ങാട് സ്വദേശിനി ഡോ.സിബി.എൻ പത്താം റാങ്ക് കരസ്ഥമാക്കി.അഞ്ചര ലക്ഷം പേർ എഴുതിയ പ്രിലിമിനറി പരീക്ഷ,തുടർന്ന് നടന്ന മെയിൽ പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ മികവ് പ്രകടിപ്പിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്.ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പഠനത്തിലാണ്. അതിനിടയിലാണ് കെ.എ.എസ് പത്താം റാങ്ക് കരസ്ഥമാക്കിയത്.കേരള സർവകലാശാലയിൽ നിന്ന് യു.ജി.സിയുടെ മൗലാന ആസാദ് റിസർച്ച് ഫെലോഷിപ്പോടെ ഫിസിക്സിൽ പിഎച്ച്.ഡി പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയിട്ടുണ്ട് .കേന്ദ്ര സർക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ എയർപോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ എയർ ട്രാഫിക് കൺട്രോളർ ആയി നിയമനം ലഭിച്ചിട്ടും അതുപേക്ഷിച്ച് പഠനം തുടരുകയായിരുന്നു.ഫിസിക്സിൽ എം.ഫിൽ കരസ്ഥമാക്കിയിട്ടുണ്ട്. എം.എസ്.സി റാങ്ക് ജേതാവാണ്.ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുമായ ഡോ.ഷിജൂഖാന്റെ ഭാര്യയാണ്. മകൻ : ആഷിൻ ഗസൽ . വെമ്പായം തട്ടാം വിളാകത്ത് വീട്ടിൽ എം.സുബൈർ കുഞ്ഞിന്റെയും നബീസത്ത് ബീവിയുടെയും മകളാണ് സിബി.