oct08a

 40 ലക്ഷം രൂപയുടെ നഷ്ടം

ആറ്റിങ്ങൽ: കച്ചേരി ജംഗ്ഷന് സമീപം ബി.ടി.എസ് റോഡിലെ നാലുകടകൾ പൂർണമായും കത്തിനശിച്ചു. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള 1600 ചതുരശ്രഅടി വിസ്ത്രീർണമുള്ള പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ശിവ സുബ്രഹ്മണ്യത്തിന്റെ മകൾ സുനിത നടത്തിവരുന്ന മൂന്ന് പാത്രക്കടകളും സുനിതയുടെ മകൾ ശ്വേത നടത്തുന്ന ശ്രീനാരായണ എന്റർപ്രൈസസുമാണ് നശിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ഇതുവഴി നടന്നുപോയവരാണ് കടയിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് പെട്ടെന്ന് എത്തിയെങ്കിലും അപ്പോഴേക്കും തീ പടർന്നുപിടിച്ചിരുന്നു. സമീപത്തേക്ക് തീ വ്യാപിക്കാതിരിക്കാൻ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടു. അഞ്ചുമണിക്കൂറിന് ശേഷമാണ് തീ പൂർ‌ണമായും നിയന്ത്രണ വിധേയമാക്കിയത്.
ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, കഴക്കൂട്ടം, ചാക്ക എന്നീ ഫയർഫോഴ്സ് കേന്ദ്രങ്ങളിൽ നിന്ന് 10 യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ജെ.സി.ബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാണ് ഫയർഫോഴ്സ് തീ അണച്ചത്.
എങ്ങനെയാണ് തീപിടിച്ചതെന്ന് കണ്ടെത്താൻ ഫോറൻസിക്ക് വിദഗ്ദ്ധർ സ്ഥലത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ വിംഗും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിന് കുറച്ചുനേരം മുമ്പ് ദേശീയപാതയിൽ അ‌ജ്ഞാത വാഹനമിടിച്ച് പോസ്റ്റ് തകർന്നിരുന്നു. ഈസമയം വൈദ്യുതി നിലയ്ക്കുകയും ചെയ്‌തു. ജില്ലാ ഫയർ ഓഫീസർ എം.എസ്. സുവിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, വർക്കല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ തുടങ്ങി അമ്പതോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.