chattampiswami

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്‌കാരിക സമുച്ചയം പത്തനംതിട്ടയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായും അതിനായി 50 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള നവരാത്രി അക്ഷരപൂജ നൃത്ത സംഗീതോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി അക്ഷരപൂജ നൃത്തസംഗീതോത്സവം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നവരാത്രി അക്ഷരകലാ പുരസ്‌കാരം സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂറിനും, നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പി. ഗോവിന്ദപിള്ള പുരസ്‌കാരം പിരപ്പൻകോട് മുരളിക്കും, ചലച്ചിത്രഗാനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പി. ലീല പുരസ്‌കാരം ദലീമ എം.എൽ.എയ്ക്കും, ആതുരസേവനത്തിനുള്ള പുരസ്കാരം ആനന്ദ കണ്ണശയ്ക്കും മന്ത്രി വി. ശിവൻകുട്ടി നൽകി.

പാൽക്കുളങ്ങര അംബികാദേവി, വി. സുരേന്ദ്രൻ, രാമചന്ദ്രവാര്യർ, ഈശ്വരവർമ്മ, രുഗ്മിണി ഗോപാലകൃഷ്ണൻ, ആർ. സോമദാസ്, എസ്. രേഖാ തങ്കച്ചി, വി.കെ. നാരായണൻ, എം. വിജയകുമാർ, ഈഞ്ചക്കാട്ട് രാമചന്ദ്രൻ തുടങ്ങിയവർക്ക് നവരാത്രി അക്ഷരപൂജ പുരസ്‌കാരം മന്ത്രി സജി ചെറിയാൻ നൽകി. സംഗീതപരിപാടികൾ പ്രശസ്‌ത ഗായകൻ ജി. വേണുഗോപാലും നൃത്ത പരിപാടികൾ നടി വിന്ദുജാ മേനോനും ഉദ്ഘാടനം ചെയ്‌തു. പന്ന്യൻ രവീന്ദ്രൻ, കരമന ജയൻ, അഡ്വ. വിജയ് മോഹൻ, സബീർ തിരുമല, മണക്കാട് നന്ദകുമാർ, ജി. വിജയകുമാർ, ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ, എസ്.ആർ. കൃഷ്ണകുമാർ, ജി. വിജയകുമാർ എന്നിവർ പങ്കെടുത്തു.