varkala-nagarasabha

വർക്കല: വർക്കല നഗരസഭയിൽ പൂർത്തീകരിച്ച ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം മാപ്പിംഗിന്റെ പരിശീലനം നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. 2019 - 20 സാമ്പത്തിക വർഷത്തിൽ ബഹുവർഷ പ്രോജക്ടായാണ് ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം മാപ്പിംഗ് ആരംഭിച്ചത്.

നഗരസഭ പ്രദേശത്തെ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, ഡ്രെയിനേജ് സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക് പുറമെ അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക തലങ്ങളിലെ വിവരങ്ങളും ശേഖരിച്ച് ഒരു വെബ് പോർട്ടലിലാക്കിയിട്ടുള്ളതാണ് ഇന്റലിജെന്റ്സ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം. മുനിസിപ്പാലിറ്റിയുടെ കൃത്യമായ അതിർത്തി, വാർഡുകളുടെ അതിർത്തി, സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങൾ, തണ്ണീർതടം, പാടശേഖരങ്ങൾ, കുളങ്ങൾ, തരിശു നിലങ്ങൾ, റോഡ് നെറ്റ് വർക്ക്, കെട്ടിടങ്ങൾ മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവയെല്ലാം ഈ പദ്ധതി നടപ്പിലാകുന്നതോടെ അറിയാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ചെയർമാൻ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി.ആർ.വി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ജി.ഐ.എസ് പ്രതിനിധികൾ നഗരസഭ ഉദ്യാേഗസ്ഥർക്ക് മാപ്പിംഗിനെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു.