തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് ഉയർന്ന പദവിയും ശമ്പളവും. ഗസറ്റഡ് റാങ്ക് ഗ്രേഡ് -2 തസ്തികയിലാണ് നിയമനം. 45,800 - 89,000 രൂപ ശമ്പള സ്‌കെയിൽ. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വരെ ഗ്രേഡ് പേയും ലഭിക്കും. കെ.എ.എസിന്റെ ആദ്യ തലത്തിൽ നിയമനം നേടുന്നയാൾക്ക് തുടക്കത്തിൽ 68,000 രൂപയോളം ശമ്പളം ലഭിക്കും.
തിരുവനന്തപുരത്തെ ഐ.എം.ജിയിൽ നടക്കുന്ന 18 മാസത്തെ പരിശീലനം സംബന്ധിച്ച് സർക്കാർ മാർഗരേഖ ഉടൻ തയ്യാറാക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിശ്ചിത വകുപ്പിൽ മാത്രമായിരിക്കില്ല നിയമനം. ഐ.എ.എസുകാർക്ക് സമാനമായി വിവിധ വകുപ്പുകളിൽ ആവശ്യാനുസരണം മാറ്റി നിയമിക്കാം. ജില്ലാ സപ്ലൈ ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, ഡെപ്യൂട്ടി ഡയറക്ടർ ( ഓഡിറ്റ്), ഡെപ്യൂട്ടി ലേബർ കമ്മിഷണർ, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്- 2, അസി. ഡെവലപ്പ്‌മെന്റ് കമ്മിഷണർ, ജില്ലാ ട്രഷറി ഓഫീസർ, ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ 140 തസ്തികളിലാണ് നിയമനം.
24 വകുപ്പുകളിലെ 105 ഒഴിവുകളിലേക്കാണ് ആദ്യഘട്ടത്തിൽ പി.എസ്.സി നിയമന ശുപാർശ നൽകുന്നത്. ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ നൽകും. ഇവരെ ബാച്ചുകളാക്കി പരിശീലനവും നിയമനവും നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.