school

തിരുവനന്തപുരം: കുട്ടികളെ വരവേൽക്കാൻ പ്രവേശനോത്സവം നടത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും വീണാ ജോർജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസും പരിസരവും മനോഹരമായി അലങ്കരിക്കണം. കുട്ടികളുടെ മാനസികോല്ലാസത്തിന് ഇത് സഹായകരമാകും. സ്‌കൂൾ പരിസരങ്ങളിലും ക്ലാസുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കണം. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ 25നകം പൂർത്തിയാക്കണം. ഭിത്തികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും. സമ്പൂർണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കി അണുനശീകരണം നടത്തണം. ഇഴജന്തുക്കൾ കയറിയിരിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. സ്കൂളുകളിൽ കുട്ടികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന ഇടങ്ങൾ മറച്ചുകെട്ടണം. കുട്ടികളുടെ സഞ്ചാരം തടസപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കണം. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളിൽ പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളങ്ങൾ രേഖപ്പെടുത്തണം.