bridge

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ഓവർബ്രിഡ്ജ് നിർമ്മാണം നീളുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിൽ. ടെൻഡർ നടപടിയൊക്കെ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാൽ മന്ത്രിസഭാ തീരുമാനത്തിന് കാത്തിരിക്കുകയാണ് ഓവർബ്രിഡ്ജ് നിർമ്മാണം.

കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. ആംബുലൻസ് ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നത് പതിവാണ്.

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഡി.കെ. മുരളി എം.എൽ.എയാണ് ഓവർബ്രിഡ്ജ് എന്ന ആശയം മുന്നോട്ടുവച്ചത്. എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18‌ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സാദ്ധ്യതാപഠനം നടത്തി പദ്ധതി പ്രായോഗ്യകമാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഓവർബ്രിഡ്ജ് നിർമാണം അംഗീകരിച്ചത്.

ഓവർബ്രിഡ്ജ് നിർമ്മാണത്തിന് അനുവദിച്ചത് - 25.03 കോടി രൂപ

പ്ലാൻ

30 മീറ്റർ ഉയരമുള്ള 9 സ്പാനുകളും 6 മീറ്റർ ഉയരമുള്ള 10 സ്പാനുകളും ഓവർബ്രിഡ്ജിനുണ്ടാകും. 337 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണുള്ളത്. തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും. ഇതിന് പുറമേ ഇരുവശത്തേക്കും സർവീസ് റോഡും. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഉൾപ്പെടുത്തും.

ബൈപ്പാസിൽ നിന്ന് ഓവർബ്രിഡ്ജിലേക്ക്

കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ് വെഞ്ഞാറമൂട് ബൈപ്പാസിന്റെ നിർദ്ദേശം കിഫ്ബിയിൽ ഉൾപ്പെടുത്തി ബഡ്ജറ്റിൽ വന്നത്. തുടർന്ന് ബൈപ്പാസിന്റെ കാലതാമസവും സൗജന്യമായി സ്ഥലം നൽകാമെന്ന പഞ്ചായത്തിന്റെ ലംഘനവും വന്നപ്പോഴാണ് ഡി.കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ ഓവർബ്രിഡ്ജിന്റെ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

തുടർന്ന് അന്നത്തെ ധനകാര്യ മന്ത്രിയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും താത്പര്യമെടുത്ത് അടുത്ത വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ ഓവർബ്രിഡ്ജിലേക്ക് ഈ പ്രോജക്ടിനെ മാറ്റുമെന്ന് പ്രഖ്യാപിച്ചു.

തുടർന്ന് ഓവർബ്രിഡ്ജിന്റെ ഡിസൈനും, എസ്റ്റിമേറ്റും പി.ഡബ്യു.ഡി തയ്യാറാക്കി. കിഫ്ബിയിൽ നിന്ന് അംഗീകാരം ലഭിച്ചു. തുടർന്ന് എ.എസ്, ടി.എസ് എന്നിവയ്ക്ക് ശേഷം ടെൻഡർ നടപടികളിലേക്ക് പോയി. എസ്.ഇ.ആർ.എം.എസ് എന്ന കൺസ്ട്രക്‌ഷൻ കമ്പനി ടെൻഡർ എടുത്തു. എന്നാൽ അവർ എസ്റ്റിമേറ്റ് തുകയുടെ 19 ശതമാനം കൂട്ടിയാണ് ടെൻഡർ വിളിച്ചത്. നിയമപ്രകാരം ഇത്രയും മുകളിൽ ടെൻഡർ തുക വന്നാൽ ക്യാബിനറ്റ് അംഗീകരിക്കണം. പുതിയ ഗവൺമെന്റ് വന്നപ്പോൾ മന്ത്രിയുടെ ശ്രദ്ധയിൽ എം.എൽ.എ ഇതെല്ലാം കൊണ്ടുവന്നു.

ക്യാബിനറ്റ് അംഗീകാരം ലഭിച്ചാൽ ഉടൻ ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിക്കും.

ഡി.കെ. മുരളി എം.എൽ.എ