തിരുവനന്തപുരം: അനൗദ്യോഗിക ബില്ലുകളുടെ ദിവസമായ ഇന്നലെ നിയമസഭയിൽ വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന സ്വകാര്യബില്ലുമായെത്തിയ പ്രതിപക്ഷാംഗം ടി.വി. ഇബ്രാഹിമിനെ എതിർത്ത് ആർ.എം.പി അംഗം കെ.കെ. രമ. വീട്ടമ്മമാരെ വീണ്ടും വീട്ടകങ്ങളിൽ തളച്ചിടാനുള്ള പ്രാകൃതമായ ബില്ലാണിതെന്നും സ്ത്രീവിരുദ്ധമാണെന്നും രമ ആരോപിച്ചു. ഇതോടെ ഭരണപക്ഷാംഗങ്ങൾ ഡസ്കിലിടിച്ച് രമയെ പിന്തുണച്ചു.
കുടുംബം എന്നത് വാണിജ്യ സ്ഥാപനമല്ലെന്നും സാമൂഹ്യമായും സാംസ്കാരികമായും ലിംഗസമത്വപരമായും നിയമപരമായും ക്ഷേമനിധി ബോർഡ് എന്ന ആവശ്യം അവിടെ സാദ്ധ്യമല്ലെന്നും മന്ത്രി വീണാ ജോർജ് ബില്ലിന് മറുപടി നൽകി. സ്ത്രീകൾക്ക് അഭിപ്രായ, പ്രവർത്തന സ്വാതന്ത്ര്യം കൂടുതലായി നൽകുകയാണ് വേണ്ടത്. വീട്ടമ്മമാരായി അവരെ പരിമിതപ്പെടുത്തേണ്ടതില്ല. സ്ത്രീപക്ഷ നിലപാടുള്ള സർക്കാരിന് ഈ രീതിയിലുള്ള നിയമനിർമ്മാണം അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ബില്ല് സദുദ്ദേശത്തോടെയാണെന്ന് ഇബ്രാഹിം വാദിച്ചു. സമൂഹത്തിൽ വീട്ടമ്മമാരുടെ സേവനത്തിന് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല. കുടുംബത്തിൽ ഏറ്റവും അവസാനത്തേക്കായി മാറ്റിവയ്ക്കപ്പെടുന്നത് വീട്ടമ്മമാരുടെ ആവശ്യങ്ങളാണ്. രാക്കുയിലിൽ രാഗസദസിൽ എന്ന സിനിമയിലെ 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ' എന്ന പാട്ടിലെ വരികളും ഇബ്രാഹിം ചൊല്ലി.
ഈ ഘട്ടത്തിലാണ് രമ ഇടപെട്ടത്. ഇത് തീർത്തും സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളെ വീട്ടുജോലിയിൽ നിന്ന് മോചിപ്പിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും രമ പറഞ്ഞു. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനവൾക്ക് അവസരമുണ്ടാകണം. പൊതു അടുക്കളയെന്ന മാനദണ്ഡത്തിലേക്ക് മാറണം. ഇബ്രാഹിം ചൂണ്ടിക്കാട്ടിയ സിനിമാഗാനവും സ്ത്രീവിരുദ്ധമാണെന്നും രമ കുറ്റപ്പെടുത്തി.