സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കും തട്ടിപ്പിൽ യു.ഡി.എഫിനും പങ്കെന്ന് ആരോപണം
തിരുവനന്തപുരം: നികുതി തട്ടിപ്പിലെ യഥാർത്ഥ കുറ്റവാളി ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം നടത്തുന്ന ബി.ജെ.പി ജനപ്രതിനിധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നികുതിതട്ടിപ്പ് എല്ലാ കോർപ്പറേഷനുകളിലും നടന്നിട്ടുണ്ട്. ബി.ജെ.പിയുടെ സമരം സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലേക്കും വ്യാപിപ്പിക്കും. തട്ടിപ്പുകാർക്ക് വേണ്ടി മാത്രമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. ബി.ജെ.പി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ കൗൺസിൽ ഹാളിലേക്ക് വരും. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പങ്ക്, ഉന്നതതലങ്ങളിൽ നടന്ന
തട്ടിപ്പാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. സോഫ്‌റ്റ്‌വെയറിലെ ക്രമക്കേട് യാദൃച്ഛികമായി ഉണ്ടായതല്ലെന്നും ഉന്നതരായ സി.പി.എം സർവീസ് സംഘടനാ നേതാക്കളുടെ പക്കൽ ലക്ഷങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് സെക്രട്ടേറിയറ്റിലാണ്. തട്ടിപ്പിൽ യു.ഡി.എഫിനും പങ്കുണ്ട്. വരും ദിവസങ്ങളിൽ ക്ലിഫ് ഹൗസിലേക്കും സെക്രട്ടേറിയറ്റിലേക്കും സമരം നടത്താൻ ബി.ജെ.പി നിർബന്ധിതരാകുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനും കൗൺസിലറുമായ വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധത്തിൽ നേതാക്കളായ സി. ശിവൻകുട്ടി. പി. സുധീർ, കരമന ജയൻ. ജെ.ആർ. പദ്മകുമാർ, എം.ആർ. ഗോപൻ, തിരുമല അനിൽ, പോങ്ങമൂട് വിക്രമൻ, ചെമ്പഴന്തി ഉദയൻ, ചന്ദ്രകിരൺ, അതിയനൂർ ശ്രീകുമാർ അടക്കമുള്ളവർ പങ്കെടുത്തു.
സൈക്കിളും മൈക്കുമായി
ഇറങ്ങും: വി.വി. രാജേഷ്
നികുതി തട്ടിപ്പിനെതിരായ സമരം അവസാനിപ്പിക്കാൻ ഒരു പ്ലാനുമില്ലെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. ഒരു സിനിമയിൽ ജഗതി പറഞ്ഞതുപോലെ ' ഞങ്ങൾ സൈക്കിളും മൈക്കുമായി ഇറങ്ങാൻ പോവുകയാണ് '. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് കിളി പോയവരാണെന്നും അദ്ദേഹം പരിഹസിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്‌തില്ലെങ്കിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ഫോർട്ട് എ.സിയുടെ ഓഫീസിലേക്കും ബി.ജെ.പിയുടേ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും അത് സമാധാനപരമായിരിക്കില്ലെന്നും രാജേഷ് മുന്നറിയിപ്പ് നൽകി.