തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം സിനിമാ താരം ബൈജു നിൽക്കുന്ന ഫോട്ടോയിൽ ബൈജുവിന്റെ മുഖത്തിന് പകരം പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ മുഖം മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.
പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാറിനെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്‌തത്. മോർഫ് ചെയ്ത ചിത്രം മന്ത്രിയെ അപമാനിക്കാനായി യഥാർത്ഥമെന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
മന്ത്രി നൽകിയ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസിലെ രണ്ടാംപ്രതി എറണാകുളം സ്വദേശി ഷീബ രാജേന്ദ്രനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സൈബർ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ ശ്യാംലാൽ, ഇൻസ്‌പെക്ടർ സിജു, സി.പി.ഒമാരായ സുബീഷ്, ശ്യാംരാജ്, മായ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.