പാലോട്: ഞാറനീലി, തെന്നൂർ, പെരിങ്ങമ്മല എന്നിവിടങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്ത കേസിൽ പാലോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ റിമാൻഡിൽ. തെന്നൂരിൽ രണ്ടു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), ഇയാളുടെ ഒപ്പം താമസിച്ചിരുന്ന കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരെയാണ് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തത്.

കള്ളനോട്ടു കേസിൽ ജയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഹംജാദ് 2018ൽ ജാമ്യത്തിലിറങ്ങിയ ശേഷം തിരുവനന്തപുരം ബീമാപ്പള്ളിയിലാണ് ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇയാൾ തെന്നൂരിലെത്തി മൊബൈൽ ഫോൺ റിപ്പയറിംഗ് കട ആരംഭിച്ചത്. ഇയാളുടെ ദുരൂഹമായ പശ്ചാത്തലത്തെപ്പറ്റി വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മലയോര മേഖലയിലെ പലസ്ഥലങ്ങളിലും ഇയാളാണ് കള്ളനോട്ടുകൾ വിതരണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാളുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് രണ്ട് ലാപ്ടോപ്പുകൾ, മൊബൈൽഫോൺ, പ്രിന്റർ എന്നിവ പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.

തെന്നൂരിൽ ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് വാടകച്ചീട്ട് എഴുതുന്നതിനായി സ്വന്തം തിരിച്ചറിയൽ രേഖ നൽകാതെ ഒപ്പമുണ്ടായിരുന്ന മാതാവിന്റെയും സജിനയുടെയും ആധാർ കാർഡുകളാണ് മുഹമ്മദ് ഹംജാദ് നൽകിയിരുന്നത്. ഇതിലെ വിവരങ്ങളിലും ഇയാൾ തിരുത്തൽ നടത്തിയതായി കണ്ടെത്തിയതോടെ വ്യാജരേഖ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നിർദ്ദേശപ്രകാരം പാലോട് പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ നിസാറുദീൻ, ബാബു കാണി, ഗ്രേഡ് എസ്.ഐമാരായ റഹിം, ഉദയൻ, വിനോദ്, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒമാരായ സജീവ്, സുരേഷ് ബാബു, റിയാസ്, ഗീത,സുജുകുമാർ, വിനീത്, സഹീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.