തിരുവനന്തപുരം: നഗരസഭയിലെ നികുതിവെട്ടിപ്പിന് കൂട്ടുനിന്നതിന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി. ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. ആറ്റിപ്ര സോണൽ ഓഫീസിലെ സൂപ്രണ്ടായിരുന്ന സുമതി, ശ്രീകാര്യത്തെ സൂപ്രണ്ടായിരുന്ന ലളിതാംബിക എന്നിവർക്കെതിരെയാണ് മേൽനോട്ടച്ചുമതലയിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്നത്.
രണ്ടുപേരും കൊല്ലം ജില്ലയിലേക്ക് സ്ഥലംമാറി പോയതിനാലാണ് അന്ന് നടപടിയെടുക്കാൻ സാധിക്കാത്തത്. തുടർന്ന് നഗരസഭ സെക്രട്ടറി നഗരകാര്യ ഡയറക്ടർക്ക് ഇവർക്കെതിരേയും നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള നടപടി. തട്ടിപ്പിനെ തുടർന്ന് വിവിധ സോണലുകളിലായി അഞ്ചുപേരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്.
പ്രതികൾക്ക് യൂണിയൻ ഒത്താശ?
നികുതിതട്ടിപ്പ് കേസിലെ പ്രതികളായ ഉദ്യാഗസ്ഥർക്ക് രക്ഷപ്പെടാൻ പൊലീസിന്റെയും ഭരണപക്ഷ യൂണിയന്റെയും ഒത്താശയെന്ന് ആക്ഷേപം.
പ്രതികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികളെടുത്തിട്ടില്ല. ഇതിനിടെ, നേമം സോണലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ശാന്തി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചു. ഇതിൽ വാദം കേട്ട കോടതി വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്രി. യൂണിയന്റെ സംസ്ഥാന സമിതി അംഗമായതിനാലാണ് ശാന്തിയെ രക്ഷപ്പെടുത്താൻ പൊലീസും ഭരണസമിതിയും ഒത്തുകളിക്കുന്നതെന്നും ആക്ഷേപമുണ്ട്.