തിരുവനന്തപുരം: റാങ്കുകളുടെ പൊൻ തിളക്കത്തിലാണ് കെ.എ.എസിൽ രണ്ടാം സ്‌ട്രീമിൽ മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ 'പ്രാർത്ഥന'യിൽ എൽ.പാർവതി ചന്ദ്രൻ. കേരള സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും റാങ്ക് നേടിയ പാർവതിക്ക് ബി.എഡിന് ഫസ്റ്റ് റാങ്കും ഉണ്ടായിരുന്നു. പൊതുഭരണ വകുപ്പിൽ സീനിയർ ഗ്രേഡ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റാണ്. കവിതകളെ പ്രണയിക്കുന്ന പാർവതിക്ക് ഏറെ ഇഷ്‌ടം സുഗതകുമാരിയുടെ കവിതകൾ.
ഏത് വിഷയം പറഞ്ഞാലും അഞ്ച് മിനിറ്റിനുളളിൽ അതേപ്പറ്റി ഉപന്യാസമെഴുതാൻ മിടുക്കിയാണ് പാർവതിയെന്ന് ഭർത്താവും കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എയുമായ ശരത് കുമാർ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയാണ് കെ.എ.എസ് അടക്കമുളള എല്ലാ വിജയത്തിനും പിന്നിലെന്ന് പാർവതിയും പറഞ്ഞു. ജോലി ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിമുഖത്തിൽ കൂടുതലും ചോദിച്ചത്. രണ്ട് മക്കൾ: എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് ശരത്, എൽ.കെ.ജി വിദ്യാർത്ഥി പ്രഭവ് ശരത്.