തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നതിനിടെ, കെ.എ.എസ് സെക്കൻഡ് സ്‌ട്രീമിൽ രണ്ടാം റാങ്ക് ലഭിച്ച വാർത്ത കേട്ട തിരുവനന്തപുരം കരകുളം കൃഷ്‌ണാഞ്ജലിയിൽ കെ.ജി.ജയകൃഷ്‌ണന്റെ ആഹ്ലാദം ഇന്നലെ വീട്ടിലെ നാല് ചുമരുകൾക്കുളളിൽ ഒതുങ്ങി. കഴിഞ്ഞ ഒമ്പത് ദിവസമായി കൊവിഡ് ബാധിതനാണ്. അപ്രതീക്ഷിതമായാണ് കൊവിഡ് പിടിപെട്ടതെങ്കിൽ അതിനെക്കാൾ അപ്രതീക്ഷിതമായാണ് റാങ്ക് വാർത്ത വന്നത്.
ധനകാര്യ വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റാണ് 36 കാരനായ ജയകൃഷ്‌ണൻ. ആറ് തവണ ഐ.എ.എസിന് വേണ്ടി കഠിന പ്രയത്‌നം നടത്തിയിരുന്നു. അതിൽ രണ്ട് തവണ മെയിൻ പരീക്ഷയും എഴുതി. ഐ.എ.എസിന് തയ്യാറെടുത്തത് കെ.എ.എസിൽ തുണച്ചു. എം.ജി കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്‌സിലും കുസാറ്റിൽ നിന്ന് എം.എസ്.സി ഇലക്‌ട്രോണിക്‌സിലും ഉന്നതവിജയം നേടിയ ജയകൃഷ്‌ണൻ സ്‌കൂൾ കാലയളവ് മുതൽ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച കൃഷ്‌ണൻനായരാണ് പിതാവ്. മാതാവ്: ഗീതാകുമാരി. ഭാര്യ: ഇന്ദു. സഹോദരൻ ഹരികൃഷ്‌ണൻ സെക്രട്ടേറിയറ്റിലെ സ്റ്റോർ പർച്ചേസ് വിഭാഗത്തിൽ സെക്ഷൻ ഓഫീസറാണ്.