1

പോത്തൻകോട്: വാൻ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കടിയിൽപെട്ട് കോളേജ് വിദ്യാർത്ഥിനി മരിച്ചു. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിക്ക് പരിക്കേറ്റു. കാര്യവട്ടം ഗവ. കോളേജിലെ മൂന്നാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥിനിയും കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തിൽ പരേതനായ രാജേഷിന്റെയും അദ്ധ്യപികയായ ലിലുവിന്റെയും ഏകമകൾ എൽ.ധ്വനി (22) ആണ് മരിച്ചത്. ഇതേ കോളേജിലെ വിദ്യാർത്ഥിനിയും കൂട്ടുകാരിയുമായ മേനംകുളം സ്വദേശി ഷാഹിനയുടെ (22) കാലിന് സാരമായി പരിക്കേറ്റു.

കോളേജിൽ നിന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങവേ ഇന്നലെ 11.30ന് കഴക്കൂട്ടത്തിന് സമീപം മേനംകുളത്തായിരുന്നു അപകടം. ധ്വനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഷാഹിനയെ അവരുടെ വീട്ടിലാക്കാനാണ് മേനംകുളത്തേക്ക് പോയത്. പിന്നാലെ എത്തിയ വാൻ ആണ് ഇടിച്ചത്. ഇതോടെ സ്കൂട്ടർ നിയന്ത്രണം തെറ്രി മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ധ്വനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.