p

തിരുവനന്തപുരം: വ്യാജ പേരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും നടത്തിവന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് സ‌സ്‌പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ജയൻ സ്റ്റീഫനെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ‌സ്‌പെന്റ് ചെയ്തത്. അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അടൂർ വില്ലേജ് ഓഫീസർ എസ്. കല (49) മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോക്ടറുടെ ഭാഗത്ത് ഗുരുതര പിഴവുണ്ടായതായി മന്ത്രി വീണാ ജോർജും വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടർന്നായിരുന്നു കലയുടെ മരണം. ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് കലയുടെ ഭർത്താവ് വി. വി. ജയകുമാർ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. അന്വേഷണത്തിൽ സംഭവ ദിവസം ഡോ. ജയൻ സ്റ്റീഫൻ മെഡിക്കൽ കോളേജിൽ ജോലിയ്ക്ക് എത്തിയിരുന്നില്ലെന്നും സർവീസ് ചട്ടം ലംഘിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെന്നും കണ്ടെത്തി. സർജറി വകുപ്പിന് അപമാനകരമായ സംഭവം, സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളുടെയും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചുള്ള സർക്കാർ ഉത്തരവിന്റെയും നഗ്നമായ ലംഘനമാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. സ്വകാര്യ ആശുപത്രിയിലെ കൺസൾട്ടന്റ് സർജനെ സഹായിക്കാനായി പ്രതിഫലമില്ലാത്ത സേവനമെന്ന നിലയിലാണ് ശസ്ത്രക്രിയയിൽ പങ്കാളിയായതെന്ന് ഡോ. ജയൻ സ്റ്റീഫൻ അന്വേഷണ സംഘത്തോട് വിശദീകരിച്ചെങ്കിലും വാസ്തവവിരുദ്ധമെന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.