തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്ന് ഊഷ്മള സ്വീകരണം നൽകി അനന്തപുരി. കേരള സർവകലാശാലയുടെ സ്പോർട്സ് മെരിറ്റ് സ്കോളർഷിപ്പ് വിതരണച്ചടങ്ങിൽ മുഖ്യാതിഥിയായാണ് ലവ്ലിനയും പരിശീലക സന്ധ്യ ഗുരുങ്ങും ദൈവത്തിന്റെ സ്വന്തം നാടിന്റെ ആതിഥേയത്വം ഏറ്റുവാങ്ങാൻ എത്തിയത്.
ലക്ഷ്യം സ്വർണം തന്നെ
ടോക്യോയിൽ വെങ്കലം ഇടിച്ച് നേടിയെങ്കിലും അതിൽ താൻ തൃപ്തയല്ലെന്ന് സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലവ്ലിന പറഞ്ഞു. അടുത്ത തവണ ഈ വെങ്കലം സ്വർണമാക്കാനാകുമെന്നാണ് പ്രതീക്ഷ. ടോക്യോയിൽ സ്വർണം നേടാനാകാത്തതിന്റെ നിരാശ മാറിയിട്ടില്ല. ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പ് ഏറെ പ്രതികൂലങ്ങൾ നിറഞ്ഞതായിരുന്നു.
ഇടയ്ക്ക് കൊവിഡ് ബാധിച്ചതും ലോക്ക് ഡൗണും പാദത്തിന് പരിക്കേറ്റതും തയ്യാറെടുപ്പിന് വലിയ വെല്ലുവിളിയായി. പ്രതിസന്ധികളോട് പടവെട്ടി ഇത്രത്തോളം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.-ലവ്ലിന കൂട്ടിച്ചേർത്തു.
സന്ധ്യയ്ക്ക് നന്ദി
2012ൽ 15-ാം വയസിൽ ബോക്സിംഗ് പരിശീലിക്കാൻ ആരംഭിക്കുമ്പോൾ ഒളിമ്പിക്സ് മെഡൽ തന്നെയായിരുന്നു സ്വപ്നം കണ്ടിരുന്നതെന്നും ലവ്ലിന പറഞ്ഞു. നേരത്തേ മാർഷൽ ആർട്സുകൾ പരിശീലിച്ചത് ഗുണം ചെയ്തു.എന്നാൽ യൂത്ത് വിഭാഗത്തിൽ പ്രതീക്ഷിച്ച ഉയരത്തിൽ എത്താനായില്ല.പിന്നീട് സന്ധ്യ ഗുരുങ്ങിനെ കണ്ടുമുട്ടിയതും അവരുടെ കീഴിൽ പരിശീലനം തുടങ്ങിയതുമാണ് കരിയറിൽ വഴിത്തിരിവായത്. നേട്ടങ്ങളിലേക്കുള്ള യാത്രയ്ക്ക് അടിസ്ഥാനമിട്ടത് സന്ധ്യയാണ്.- ലവ്ലിന നന്ദിയോടെ കഴിഞ്ഞ കാലങ്ങൾ ഓർത്തെടുത്തു. സ്വന്തം കഴിവിൽ പൂർണ വിശ്വാസം വേണം.സമ്മർദ്ദത്തിന് അടിമപ്പെടാതെ ലക്ഷ്യം നേടാൻ ക്ഷമയോടെ പരിശ്രമിക്കണം. നിങ്ങളുടെ പരിശ്രമം സത്യസന്ധമായിട്ടാണെങ്കിൽ അതിന് തീർച്ചയായും ഫലമുണ്ടാകും.- ലവ്ലിന ഓർമ്മിപ്പിച്ചു.
മന്ത്രി ശിവൻ കുട്ടി
ഉപഹാരം നൽകി
ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലവ്ലിനയ്ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. ലവ്ലിനയുടെ പരിശീലക സന്ധ്യയേയും ആദരിച്ചു. ടോക്യോ ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൽ 69 കിലോഗ്രാം വിഭാഗത്തിൽ നേടിയ വെങ്കല മെഡൽ ചടങ്ങിൽ ലവ്ലിന പ്രദർശിപ്പിച്ചു. വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിളള അദ്ധ്യക്ഷനായിരുന്നു. പ്രൊ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സ്പോർട്സിന് കൂടുതൽ പ്രാധാന്യം നൽകും
കരിക്കുലത്തിൽ സ്പോർട്സിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ കായിക സംസ്കാരം വളർത്തിയെടുക്കും. സ്പോർട്സ് സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം മാതൃകാ മൈതാനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കസവുടുത്ത് പദ്മനാഭ
സ്വാമിയെ വണങ്ങി ലവ്ലിന
വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെ തിരുവനന്തപുരത്തെത്തിയ ലവ്ലിന ഇന്നലെ വെളുപ്പിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ വേഷത്തിൽ കസവ് ചേലചുറ്റി ക്ഷേത്രത്തിൽ എത്തിയ ലവ്ലിന ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. കസവുടുത്ത് ഹോട്ടൽ മുറിയിൽ ഇരിക്കുന്ന ചിത്രവും ലവ്ലിന ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.