തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ഗവേഷണ പദ്ധതിയിൽപ്പെട്ട 'എന്തുകൊണ്ട് ടിവിയിൽ കാളി ചോതി കുറുപ്പന്മാർ ഇല്ല' എന്ന കൈരളി എക്സിക്യുട്ടീവ് എഡിറ്റർ കെ. രാജേന്ദ്രന്റെ പുസ്തകം മന്ത്രി കെ. രാധാകൃഷ്ണൻ എഴുത്തുകാരി കെ.ആർ മീരയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാദ്ധ്യമരംഗത്ത് മാത്രമല്ല ലോകമെമ്പാടും ഇത്തരം വിവേചനമുണ്ട്. ആധിപത്യം സ്ഥാപിക്കുന്നവരുടെ താത്പര്യം അടിച്ചേൽപ്പിക്കപ്പെടുമ്പോഴാണ് വിവേചനമുണ്ടാകുന്നത്. വിവേചനം ഇല്ലാതാക്കണമെങ്കിൽ അനീതിക്കെതിരെയുള്ള പോരാട്ടം വേണം. ഇവിടെയാണ് സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പ്രസക്തിയെന്ന് പുസ്തകം പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു.
മാദ്ധ്യമ രംഗത്തെങ്കിലും ഈ വിവേചനം കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പുസ്തകം കാരണമാകട്ടെയെന്ന് കെ.ആർ. മീര പറഞ്ഞു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു വീഡിയോ സന്ദേശം നൽകി. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി. റെജി, മനുഷ്യാവകാശ പ്രവർത്തക മ്യദുല ദേവി, ടി. ചാമിയാർ, കെ. അജിത്, പ്രമോദ് പയ്യന്നൂർ, അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ്, കെ. രാജേന്ദ്രൻ, കെ.യു.ഡബ്ളിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.