തിരുവനന്തപുരം: ശാസ്‌തമംഗലം,മംഗലം ലെയ്‌ൻ,40 എയിൽ കെ.എ.എസ് മൂന്നാം സ്‌ട്രീമിലെ മൂന്നാം റാങ്ക് പടി കടന്നെത്തുമ്പോൾ ജി.വി.പ്രമോദിന് ആഹ്ലാദ നിമിഷം. ജീവിതത്തിലെ പതിമൂന്നാമത്തെ ജോലിയാവും ഇതെന്ന് പ്രമോദ് പറയുന്നു.
ഇന്റലിജൻസ് ബ്യൂറോയിലും സി.എസ്.ഐ.ആറിലും അടക്കം കേന്ദ്ര സർക്കാർ ജോലി ലഭിച്ചെങ്കിലും തിരുവനന്തപുരം നൊസ്റ്റാൾജിയ മനസിൽ കയറിയപ്പോൾ അവയെല്ലാം ഉപേക്ഷിക്കുകയായിരുന്നു.സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പ്രമോദ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ മുന്നാക്ക ക്ഷേമ കോർപ്പറേഷനിലെ അസിസ്റ്റന്റ് മാനേജരാണ്.
സ്‌കൂൾ തലം മുതൽ തുടർച്ചയായി ക്വിസ്,പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എൽ.എൽ.ബിക്ക് മൂന്നാം റാങ്കുണ്ടായിരുന്നു. കെ.എ.എസ് അഭിമുഖ പരീക്ഷയിൽ ചോദിച്ചതൊക്കെയും അടുത്തിടെയുളള സുപ്രീംകോടതി വിധികളെയും ഭരണഘടനയെയും കുറിച്ചായിരുന്നു. ഭാര്യ നിത്യാ ചന്ദ്രൻ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ. രണ്ട് മക്കൾ: മാധവ്, ഹേമന്ദ്. പിതാവ് പരേതനായ കെ.ഗോപാലകൃഷ്‌ണൻ നായർ. മാതാവ്: വസുമതിഅമ്മ.