വള്ളികുന്നം- സഹോദരിമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വള്ളികുന്നം കടുവിനാൽ മുകളയ്യത്ത് പരേതനായ വേലായുധന്റെ ഭാര്യ ജാനകി(89), വെട്ടിക്കോട് കോടത്ത് പരേതനായ യശോധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) എന്നിവരാണ് മരിച്ചത്. രോഗ ബാധിതയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിടപ്പിലായിരുന്നു ജാനകി. ജാനകിയ്ക്ക് സുഖമില്ലാതായ വിവരമറിഞ്ഞ് ലക്ഷ്മിക്കുട്ടി കഴിഞ്ഞ ദിവസം ജ്യേഷ്ഠ സഹോദരിയായ ജാനകിയെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വരെ ചേച്ചിയ്ക്കൊപ്പമുണ്ടായിരുന്ന ലക്ഷ്മിക്കുട്ടിയെ വൈകുന്നേരം വെട്ടിക്കോട്ടെ വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ ജാനകി മരണപ്പെട്ടു. ചേച്ചിയുടെ വേർപാടറിയാതെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലായിരുന്ന ലക്ഷ്മിക്കുട്ടിയും വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ജാനകിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ - രാജൻ,മുരളി, രാധാമണി, അമ്പിളി, പരേതയായ ലീല, പരേതനായ സോമൻ.മരുമക്കൾ- പ്രസന്ന, ഉഷ,പരേതനായ കനകരാജൻ, വിശ്വനാഥൻ. ലക്ഷ്മിക്കുട്ടിയുടെ സംസ്കാരം പിന്നീട്. മക്കൾ- സുകുമാരി, സുഭദ്ര, രാജമ്മ,രാജൻ,ഉഷ. മരുമക്കൾ- രാജൻ, രാജു,അശോകൻ,മണി,മധു.