p

തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും മിനിസ്​റ്റീരിയൽ ജീവനക്കാരും ഇനി മുതൽ പൊലീസ് ആസ്ഥാനത്ത് കയറിയിറങ്ങേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ഇവരിൽ ചിലർ പൊലീസ് ഉദ്യോഗസ്ഥരുടെയും പുറത്തുള്ള ചില പ്രമുഖരുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്റണങ്ങൾ. സർവീസിലുള്ള പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമായ കാരണങ്ങളില്ലാതെ പൊലീസ് ആസ്ഥാനത്തേക്ക് വരരുതെന്ന നിർദ്ദേശിച്ചിട്ടുണ്ട്.

മോൻസൺ മാവുങ്കൽ വിവാദം സേനയ്ക്ക് നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് ഡി.ജി.പിയുടെ നിർദ്ദേശം. പൊലീസുകാർ അതത് ജില്ലകളിൽ തന്നെ പരിഹരിക്കാവുന്ന വിഷയങ്ങൾ അവിടെ പരിഹരിക്കണം. നിയന്ത്റണങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് ആസ്ഥാന കവാടത്തിൽ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്‌.