lunch

കൊച്ചി: തീയില്ല, പുകയില്ല, മാലിന്യത്തിന്റെ ഒരംശം പോലുമില്ല! 1500 പേർക്ക് ഭക്ഷണം ഉണ്ടാക്കിയ അടുക്കളയാണിതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അത്രയ്ക്ക് വൃത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിലെ കേന്ദ്രീകൃത അടുക്കളയിൽ കണ്ട കാഴ്ചയാണിത്. അടുക്കളയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന ടി ടു ബോയിലറിൽ നിന്നുള്ള നീരാവിയിലാണ് കൊച്ചി കോർപ്പറേഷന്റെ പത്തു രൂപ ഉച്ച ഊണിനുള്ള വിഭവങ്ങൾ പാകം ചെയ്യുന്നത്. ആറു സ്റ്റീൽ വെസലുകളിലാണ് പാചകം. തുമ്പപ്പൂ പോലെയുള്ള ചോറ് ഇതിൽ ഉണ്ടാക്കിയെടുക്കാം. 40 മിനിറ്റിനുള്ളിൽ 150 കിലോ അരി വേവിക്കാം. ചോറ് പാകമായാൽ അവശേഷിക്കുന്ന കഞ്ഞിവെള്ളം വാൽവിലൂടെ ഒഴുകിപോകും. പോഷകാംശങ്ങൾ ഒട്ടും നഷ്ടപ്പെടാതെ പച്ചക്കറികൾ ആവിയിൽ വേവിച്ചെടുക്കാം. പിന്നീട് അത് ഉരുളിയിലിട്ട് തോരനും കൂട്ടുകറിയുമായി മാറ്റും.

പച്ചക്കറി അരിയാൻ, തേങ്ങ ചുരണ്ടാൻ, അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും വെല്ലുന്ന വിധത്തിൽ അരയ്ക്കാൻ , എല്ലാത്തിനും ഇവിടെ യന്ത്രങ്ങളുണ്ട്. കൂർക്ക ഉൾപ്പടെയുള്ള കിഴങ്ങു വർഗങ്ങളുടെ തൊലി സെക്കന്റുകൾക്കുള്ളിൽ നീക്കം ചെയ്യാനും സംവിധാനം ഉണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന സ്റ്റീമറാണ് മറ്റൊരു പ്രത്യേകത. ആയാസമില്ലാതെ, അപകടഭീതിയില്ലാതെ ഈ അടുക്കളയിൽ നിന്ന് കുടുംബശ്രീക്കാർക്ക് ഉല്ലാസത്തോടെ ജോലി ചെയ്യാം.

കഴിഞ്ഞ ദിവസം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ആണ് കൊച്ചി കോർപ്പറേഷന്റെ പത്തു രൂപ ഊണു പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാവിലെ 5.50 ന് അടുക്കള തുറന്നു. പത്തു മണിയോടെ ചോറും കറികളും തയ്യാറായി. സാമ്പാർ, രസം, കൂട്ടുകറി, നെല്ലിക്ക അച്ചാർ, പപ്പടം എന്നിവയായിരുന്നു വിഭവങ്ങൾ. ഊണു കഴിക്കുന്നതിനായി രാവിലെ 11 മുതൽ ആളുകൾ എത്തിത്തുടങ്ങി. കലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും വഴിയാത്രക്കാരും സംതൃപ്തിയോടെ ഇവിടെ ഇരുന്നു കഴിച്ചു. 12 മണി കഴിഞ്ഞതോടെ പാഴ്‌സൽ വാങ്ങാനുള്ളവരുടെ തിരക്കായി. 2.30 ആയപ്പോഴേക്കും പാത്രങ്ങൾ കാലിയായി.

അടുത്ത ആഴ്ച മുതൽ പ്രഭാതഭക്ഷണവും അത്താഴവും കൂടി ആരംഭിക്കാനാണ് കോർപ്പറേഷൻ അധികൃതർ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എ.ഐ.എഫ്.ആർ.എച്ച്.എം അടുക്കള നടത്തിപ്പിനായി 45 പേർക്ക് പരിശീലനം നൽകി.ഇതിൽ നിന്ന് 14 പേരാണ് ഇപ്പോൾ സമൃദ്ധിയുടെ ചുക്കാൻ പിടിക്കുന്നത്.