ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ ഹാർബർ ഉദ്യോഗസ്ഥസംഘം മുതലപ്പൊഴി സന്ദർശിച്ചു. മുതലപ്പൊഴിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വകുപ്പ് മന്ത്രി വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ പൊഴിഭാഗത്ത് മണ്ണ് അടിയുന്നതും തിരയിളക്കം ഉണ്ടാകുന്നതും ഒഴിവാക്കുന്നതിനായി ചെന്നൈ എൻ.ഐ.ഒ.ടി മുഖേന ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ദിവസം എൻ.ഐ.ഒ.ടി പ്രൊഫസർ രമണമൂർത്തി ഹാർബർ സന്ദർശിച്ച് നിലവിലെ പ്രശ്നങ്ങൾ ഹാർബർ എൻജിനിയറിംഗ് ഉദ്യോഗസ്ഥരുമായി പരിശോധിച്ചു.
ഹാർബർ പൊഴിയിൽ മത്സ്യബന്ധന യാനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥർ നേരിട്ടു കണ്ട് മനസിലാക്കി.
തുടർന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്തു. ഒരു മാസത്തിനുള്ളിൽ മുതലപ്പൊഴിയിൽ നിന്ന് ഡേറ്റാ കളക്ഷൻ നടത്തി തുടർന്നുള്ള രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. ഹാർബർ പൊഴിയിൽ മണ്ണടിയുന്നത് പൂർണമായും ഒഴിവാക്കുന്നതിനും പൊഴിയിൽ തിരയിളക്കം ഒഴിവാക്കുന്നതിനും മുൻതൂക്കം നൽകിയായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക. എൻ.ഐ.ഒ.ടിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് വകുപ്പ് മന്ത്രി, എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് രമണമൂർത്തി പറഞ്ഞു. ഹാർബർ എൻജിനിയർ വകുപ്പ് ചീഫ് എൻജിനിയർ ജോമോൻ കെ.ജോർജ്, തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേക്ക് പരീത്, ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി, ഹാർബർ എൻജിനിയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ. ലോട്ടസ്, എക്സിക്യുട്ടീവ് എൻജിനിയർ ജി.എസ്. അനിൽകുമാർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.