തലശ്ശേരി: വെളളത്തിലെ മത്സ്യം പോലെയാണ് മട്ടാമ്പ്രത്തെ മൻസൂറിന് കടലിലും പുഴയിലുമുള്ള ജീവിതം. ചുഴികളും കയങ്ങളും അടിയൊഴുക്കുകളുമൊന്നും മൻസൂറിന്റെ സാഹസിക നീന്തൽ ജീവിതത്തിന് ഒരു തടസമേയല്ല. കലിയിളകുന്ന കടലിൽ പോലും കനത്ത തിരമാലകളെ അനായാസേന മുറിച്ച് കടക്കാനും വിജയകരമായി രക്ഷാപ്രവർത്തനങ്ങൾ നടത്താനും മൻസൂറിന്റെ ഇച്ഛാശക്തിക്കും ധീരതക്കും സാധിച്ചിട്ടുണ്ടെന്ന് ഒട്ടേറെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ സ്വന്തമായുള്ള ഫയർഫോഴ്സും തീരദേശ പൊലീസും അറച്ചു നിൽകുമ്പോഴൊക്കെ ദുരന്ത മുഖങ്ങളിലേക്ക് മട്ടാമ്പ്രം ചാലിലെ സഫ്രീന മൻസിലിൽ മൻസൂർ ചാടിയിറങ്ങും.
ഒട്ടേറെ ജീവനുകളെ മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുള്ള മൻസൂരിനെ തന്നെയാണ് സമീപപ്രദേശങ്ങളിലെവിടേയും ആളുകൾ വിളിക്കുന്നത്.
ഏത് കൊടുങ്കാറ്റിലും പേമാരിയിലും ഉലയാത്ത മനക്കരുത്തുള്ള പരമ്പരാഗത മത്സ്യതൊഴിലാളിയായ മൻസൂറിന് ചെറുപ്പം മുതൽ ബാപ്പയ്‌ക്കൊപ്പം കടലുമായി ഇഴചേർന്നുള്ള ജീവിതമായിരുന്നു. ഇടക്കാലത്ത് ജിംനേഷ്യം ട്രെയിനറായി ഗൾഫിലേക്ക് പോയി. തിരിച്ചു നാട്ടിലെത്തിയപ്പോഴാണ് കൊവിഡ് നിയന്ത്രണ കുരുക്കിൽ പെട്ട് ഗൾഫ് ജോലി നഷ്ടപ്പെട്ടത്. എന്നാൽ വീട്ടിൽ വെറുതെ നിന്നില്ല. തന്റെ കടൽ പരിചയം രക്ഷാപ്രവർത്തനത്തിനായി വിനിയോഗിക്കുകയാണ് ഈ യുവാവ്. പ്രതിഫലേഛയില്ലാത്ത ജീവകാരുണ്യം ഏറ്റവുമൊടുവിൽ അഞ്ചരക്കണ്ടി പുഴയിൽ കുന്നിരിക്ക ഭാഗത്ത് പുഴയിൽ മുങ്ങി കാണാതായ ബവോട്ടെ ശരത്തിനെ കണ്ടെത്തിയതും മൻസുർ തന്നെ. രണ്ട് ദിവസം പകൽ മുഴുവൻ പുഴയിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. നിരാശനാവാതെ മൂന്നാം നാൾ പുലർച്ചെ തന്നെ ധർമ്മടത്തെ ഭീഷ്മർ ഫൈബർ തോണിയിൽ കുന്നിരിക്കയിൽ വീണ്ടുമെത്തി പുഴയിൽ പൊങ്ങിയ മൃതദേഹം കരയ്‌ക്കെത്തിച്ചു. മത്സ്യതൊഴിലാളികളായ മനോജ്, ആനന്ദ്, മുസ്സോട്ടി, അജേഷ്,അജി എന്നിവരായിരുന്നു ഒപ്പമുണ്ടായത്. ഇനിയങ്ങോട്ട് ഇത്തരം ദുരന്തമുഖങ്ങളിൽ മൻസൂറിനൊപ്പം തങ്ങളുമുണ്ടാകുമെന്ന് അഞ്ചു പേരും പറയുന്നു. കടലമ്മ ഒരിക്കലും വഞ്ചിക്കില്ലെന്ന് കടലിന്റെ പ്രിയപ്പെട്ട മകൻ മൻസൂർ പറയുന്നു.