പെരിന്തൽമണ്ണ: മങ്കട വെള്ളില പോസ്റ്റോഫീസ് പരിധിയിലെ ജനങ്ങൾക്ക് തപാൽ ഉരുപ്പടികൾ കിട്ടാക്കനി. എത്തിക്കാൻ ജീവനക്കാരില്ലാത്തതിനാൽ പോസ്റ്റ് ഓഫീസിൽ തപാൽ ഉരുപ്പടികൾ കെട്ടികിടക്കുകയാണ്. ഒരു മാസത്തിലധികമായി ഇങ്ങനെ ഉരുപ്പടികൾ കെട്ടി കിടക്കുന്നതിനാൽ ജോലി സംബന്ധമായി അറിയിപ്പ് ലഭിക്കുന്നതിനും സ്‌കൂൾ, കോളേജ് അഡ്മിഷനുകളുടെ കത്തുകൾ, പാസ്‌പോർട്ട്, ആധാർ കാർഡടക്കമുള്ള വിലമതിക്കാനാവാത്ത പല അറിയിപ്പുകളും, രേഖകളും ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്.
സ്ഥിരം പോസ്റ്റുമാനില്ലാത്തതാണ് ഉരുപ്പടികളുടെ വിതരണം നിലക്കാൻ കാരണം. താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച പോസ്റ്റ്മാൻ എത്താത്തതും ഉരുപ്പടികൾ കെട്ടി കിടക്കാൻ കാരണമാവുന്നു. രണ്ട് ജോലിക്കാർ ജോലി ചെയ്യേണ്ട സ്ഥലത്താണ് ഒരു താത്കാലിക പോസ്റ്റ്മാൻ മാത്രം ഉണ്ടായിരുന്നത്. എട്ട് വർഷം മുമ്പ് സ്ഥിരം പോസ്റ്റ്മാനെ നിയമിച്ചെങ്കിലും ആറ് മാസം തികക്കാതെ ജോലി ഉപേക്ഷിച്ചു. ഏഴ് വർഷം മുമ്പും സ്ഥിരം പോസ്റ്റ്മാനെ നിയമിച്ചെങ്കിലും അധികം താമസിയാതെ പ്രയാസമാണെന്നറിയിച്ചു. പിന്നെ നാട്ടുകാരനായ ഒരാൾ സഹായിയായി നാലു വർഷത്തോളം ജോലി ചെയ്യുന്നതിനിടെ അന്നത്തെ പെരിന്തൽമണ്ണ അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് നിർബന്ധിച്ച് രാജിവെപ്പിച്ചതായി ആക്ഷേപമുണ്ട്. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
രണ്ട് പേർ ജോലി ചെയ്യേണ്ട വിസ്തൃതമായ പ്രദേശത്ത് ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരന് ലഭിക്കുന്ന വേതനം വെറും പതിനായിരം രൂപയിൽ താഴെ മാത്രം. ഇതിൽ ദിവസേന നൂറ്റമ്പത് രൂപയുടെ പെട്രോൾ ചെലവ് വരുന്നതിനാൽ താത്കാലിക ജീവനക്കാർക്ക് അവസാനം ബാക്കിയാവുന്നത് രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാവുന്നതും ഇവരെ അകറ്റുന്നു. മങ്കട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഏരിയയുള്ള പോസ്റ്റ് ഓഫീസായതിനാൽ ഒരു ദിവസം നൂറ് മുതൽ നൂറ്റമ്പത് വരെ രജിസ്റ്റർ വരുന്നുണ്ട്. ഇത് ഒരു പോസ്റ്റുമാന് എത്തിക്കാൻ കഴിയില്ല. നമ്പൂരിക്കാട്, ആഴിരനാഴിപ്പടി, കൊടക്കാട്, പുത്തൻ വീട്, യു.കെ. പടി, പൂഴിക്കുന്ന്, നെരവ്, ഉള്ളാട്ടിൽ, പറക്കോട്ടു പലം, കോഴിപറമ്പ്, വെള്ളില മലഭാഗം തുടങ്ങി വിസ്തൃതമായ സ്ഥലത്ത് ജോലി ചെയ്യാൻ രണ്ട് പേരെങ്കിലും വേണം.
ഒരാൾക്ക് ഒറ്റക്ക് തീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മുമ്പ് വെള്ളില പോസ്റ്റോഫീസ് വിഭജിച്ച് കുറച്ച് ഭാഗം കടന്നമണ്ണയിൽ ചേർക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വിഭജനം സ്റ്റേ ചെയ്യിക്കുകയായിരുന്നു. ജോലി ഭാരം കാരണമാണ് താത്ക്കാലിക ജീവനക്കാർ ജോലി ചെയ്യുവാൻ മടിക്കുന്നത്. ഈ പോസ്റ്റ് ഓഫീസിൽ സ്ഥിരം രണ്ട് പോസ്റ്റ്മാനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.